കൊല്ലം: റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മിഷൻ തുക 49 ശതമാനമായി ചുരുക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വ്യാപാരികൾക്ക് നൽകിവരുന്ന തുച്ഛമായ കമ്മിഷൻ തുക പകുതിയിൽ താഴെ മാത്രം നൽകാനുള്ള ധനവകുപ്പിന്റെ തീരുമാനം പിൻവലിക്കണം. കമ്മിഷൻ തുക പൂർണമായും നൽകാൻ ആവശ്യമായ തുക ധനവകുപ്പ് അനുവദിക്കണം. കമ്മിഷൻ തുക ഇനത്തിൽ പരമാവധി ലഭിക്കുന്ന ഇരുപതിനായിരം രൂപയിൽ നിന്നാണ് കെട്ടിട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാന്മാർക്കുള്ള ശമ്പളം എന്നിവ നൽകേണ്ടത്. ആവശ്യമായ തുക അനുവദിച്ച് ഒക്ടോബർ മാസത്തെ കമ്മിഷൻ തുക പൂർണമായും നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, ജനറൽ സെക്രട്ടറി പി.ജി.പ്രിയൻ കുമാർ എന്നിവർ ആവശ്യപ്പെട്ടു.