phot
അച്ചൻകോവിലിലെ ജനവാസമേഖലയിൽ ഇറങ്ങിയ ഉപദ്രവകാരികളായ കാട്ട് പന്നികളെ വെടി വച്ച് കൊന്ന ശേഷം ജെ.സി.ബി.ഉപയോഗിച്ച് കുഴിച്ചിടുന്നു.

പുനലൂർ: അച്ചൻകോവിലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പത്ത് കാട്ടു പന്നികളെ വെടി വച്ച് കൊന്നു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസിന്റെ ഉത്തരവിനെ തുടർന്ന് അഞ്ചൽ ബ്ലോക്ക് പഞ്ചായത്തംഗം റെജി ഉമ്മനാണ് ലൈസൻസ് ഉള്ള തോക്കുപയോഗിച്ച് കാട്ടുപന്നികളെ വെടി വച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് വെടിവെപ്പ് തുടങ്ങിയത്. അച്ചൻകോവിൽ പൊലീസ് സ്റ്റേഷൻ വളപ്പിലും പൊതുമരാമത്ത് റെസ്റ്റ് ഹൗസിലും സമീപ പ്രദേശങ്ങളിലുമെത്തിയ കാട്ടുപന്നികളെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം വെടി വച്ചത്.

രണ്ട് ദിവസം തുടർച്ചയായി അച്ചൻകോവിൽ ജംഗ്ഷനിൽ കൂട്ടത്തോടെ കാട്ടുപന്നിയെത്തിയത് നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് സന്ധ്യക്ക് വീടിന്റെ ഹാളിൽ കസേരയിൽ ഇരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് അച്ചൻകോവിൽ സുരേഷ് ബാബുവിന്റെ ഭാര്യ അശ്വതിയെ കാട്ടു പന്നി കുത്തി മാരകമായി പരിക്കേൽപ്പിച്ചിരുന്നു. വന മദ്ധ്യത്തിലുള്ള ആര്യങ്കാവ് പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾപ്പെട്ട അച്ചകോവിലിൽ കാട്ടു പന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം താമസക്കാർ ദുരിതമനുഭവിച്ച് വരികയായിരുന്നു. കൂടാതെ ശബരിമല തീർത്ഥാടനം കണക്കിലെടുത്ത് അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേക്കെത്തുന്ന അയ്യപ്പൻമാരുടെ തിരക്കും വർദ്ധിച്ചു. അതുകൂടി കണക്കിലെടുത്താണ് ഉപദ്രവകാരികളായ കാട്ടു പന്നികളെ വെടി വയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവിട്ടത്. പഞ്ചായത്ത് പ്രസിഡന്റിന് പുറമെ മുൻ പഞ്ചായത്ത് പ്രസിഡന്റ് അച്ചൻകോവിൽ സുരേഷ് ബാബു, വാർഡ് അംഗം സാനു ധർമ്മരാജ്, മുൻ വാർഡ് അംഗം ഗീത സുകുനാഥ്, അച്ചൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അരുൺകുമാർ തുടങ്ങിയ നിരവധി പേർ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനൊപ്പം വെടിവച്ച സ്ഥലങ്ങളിലുണ്ടായിരുന്നു. സന്ധ്യയോടെ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത ശേഷം കുഴിയിൽ മണ്ണെണ്ണയൊഴിച്ച് പത്ത് കാട്ടു പന്നികളെയും മറവ് ചെയ്തു.