കൊട്ടാരക്കര: പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസ് മാറ്റി സ്ഥാപിക്കുന്നു. പുലമണിൽ പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട് ചേർന്ന് പുതിയ കെട്ടിടം നിർമ്മിക്കും. അതിനായി 1.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ മന്ദിരത്തിന് ഇന്ന് ശിലയിടും. നിലവിൽ സിവിൽ സ്റ്റേഷൻ കൊമ്പോണ്ടിലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. കൊട്ടാരക്കര, നെടുവത്തൂർ, മൈലം, പുത്തൂർ, പവിത്രേശ്വരം വില്ലേജ് ഓഫീസുകളാണ് ഇതിന്റെ പരിധിയിൽ ഉള്ളത്.
മന്ത്രി ഇടപെട്ടു, തുക അനുവദിച്ചു
സിവിൽ സ്റ്റേഷൻ നിർമ്മിച്ചപ്പോൾ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നിലനിറുത്തിയിരുന്നു. എന്നാൽ പിന്നീട് ഇവിടം ഒഴിപ്പിച്ചു കാന്റീൻ തുടങ്ങാൻ ലക്ഷ്യം ഇട്ടുവെങ്കിലും എതിർപ്പ് വ്യാപകമായി. അതോടെ സബ് രജിസ്ട്രാർ ഓഫീസ് അവിടെ നിലനിറുത്താൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായിട്ടാണ് പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കാൻ തുക അനുവദിച്ചത്.
ഹൈടെക് കെട്ടിടം
കൊട്ടാരക്കര സബ് ജയിലിന് സമീപത്തായി അത്യാധുനിക സംവിധാനങ്ങളോടെ 4500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളുള്ള കെട്ടിടമാണ് സബ് രജിസ്ട്രാർ ഓഫീസിനായി നിർമ്മിക്കുക. ഒന്നാം നിലയിൽ ഓഫീസുകൾ പ്രവർത്തിക്കും. പൊതുജനങ്ങൾക്കായുള്ള വിശാലമായ ഹാളും ടൊയ്ലറ്റ് സംവിധാനങ്ങളുമുണ്ടാകും. രണ്ടാം നിലയിൽ റെക്കാർഡുകൾ സൂക്ഷിക്കാനുള്ള മുറികളാണ് പ്രധാനമായും ഒരുക്കുക. ജീവനക്കാർക്കുള്ള ഭക്ഷണമുറിയും വിശ്രമ സൗകര്യവുമുണ്ടാകും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ഒരു വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ.
നിർമ്മാണോദ്ഘാടനം ഇന്ന്
പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് ഇന്ന് മന്ത്രി വി.എൻ.വാസവൻ ശിലാസ്ഥാപനം നടത്തും. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർമാൻ എ.ഷാജു എന്നിവർ സംസാരിക്കും.