photo
വെള്ളക്കെട്ടായി മാറിയ പഴഞ്ഞിയിൽ കുളം പായ്ക്കുളം റോഡ്.

കരുനാഗപ്പള്ളി: പഴഞ്ഞിയിൽ കുളം - പായ്‌ക്കുളം റോഡുകളുടെ പേരിൽ മാത്രമല്ല ഇപ്പോൾ റോഡിലും നിറയെ കുളങ്ങളുണ്ട്. മഴവെള്ളം നിറഞ്ഞ് റോഡ് തിരിച്ചറിയാനാവാത്ത വിധം നാശത്തിലായി.

കുലശേഖരപുരം 16-ം വാർഡിലൂടെയാണ് പഴഞ്ഞിയിൽകുളം - പായ്‌ക്കുളം റോഡ് കടന്നുപോകുന്നത്.

ഒരു കിലോമീറ്റോളം ദൈർഘ്യം വരുന്ന റോഡിന്റെ മിക്ക ഭാഗങ്ങളും വലിയ കുഴികൾ വെള്ളം നിറഞ്ഞ് കുളമായി മാറിയിട്ടുണ്ട്. കെട്ടി നിൽക്കുന്ന വെള്ളം കാരണം അപകടങ്ങളും പതിവായി.

ഓട നിർമ്മിക്കൂ, റോഡിനെ സംരക്ഷിക്കൂ

വെള്ളം ഒഴുകുപ്പോകാൻ ഒാടയില്ലാത്തതാണ് റോഡിന്റെ നാശത്തിന് കാരണം. ഒരു ദശാബ്ദത്തിന് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. അതിന് ശേഷം ഒരിക്കൽപോലും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 300 ഓളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. പനച്ചമൂട്ടിൽ മുസ്ലീംപള്ളി, കരുപ്പോലി ക്ഷേത്രം, മാമ്പറ്റ ക്ഷേത്രം കുഴിവേലിമുക്ക് മാർക്കറ്റ്, കൊച്ചാലുംമൂട് മാർക്കറ്റ് എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗവുമിതാണ്. റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഓട നിർമ്മിച്ച് കഴിഞ്ഞാൽ റോഡിൽ കെട്ടിക്കിടക്കുന്ന മഴ വെള്ളം ഓടയിലൂടെ ഒഴുകി പായ്ക്കുളത്തിൽ എത്തും. അവിടെ നിന്ന് പ്രധാന ഓട വഴി ഒഴുകി പശ്ചിമതീര കനാലിൽ പതിക്കും. റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിച്ച് കഴിഞ്ഞാൽ റോഡിനെ സംരക്ഷിക്കാനും നാട്ടുകാരുടെ ദുരിതത്തിന് അറുതി വരുത്താനും കഴിയും.

വർഷങ്ങളായി റോഡ് തകർന്ന് കിടക്കുകയാണ്. വെള്ളം ഒഴുകി പോകാൻ ഓടയില്ലാത്തതാണ് റോഡ് തകരാൻ കാരണം. നിലവിലുള്ള റോഡ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കി ഗ്രാവലും മെറ്റലും ഇട്ട് ഉയർത്തിയ ശേഷമായിരിക്കണം ടാർ ചെയ്യേണ്ടത്. അതിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്ത് കണ്ടെത്തണം.

ആർ.വിശംഭരൻ,

പൊതു പ്രവർത്തകൻ

റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥക്ക് പരിഹാരം കാണണം. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള റോഡാണിത്. പായ് ക്കുളത്തിലേക്ക് ഓട നിർമ്മിച്ച് വെള്ളമൊഴുക്ക് സുതാര്യമാക്കണം.

മുഹമ്മദ്ദ്കുഞ്ഞ്

കേരളകൗമുദി ഏജന്റ്