
കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് നിലവിൽ വരുമ്പോൾ സുരക്ഷാ ജോലികൾക്കും യാത്രക്കാരുടെ രേഖകൾ പരിശോധിക്കാനുമായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നടപടി സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ചു. സോനാംഗങ്ങളിൽ പോർട്ടിലെ എമിഗ്രേഷൻ പോയിന്റിൽ ഡെപ്യൂട്ടേഷനിൽ പോകാൻ താത്‌പര്യമുള്ളവരിൽ നിന്ന് ആഭ്യന്തര വകുപ്പ് അപേക്ഷ ക്ഷണിച്ചു.
രണ്ട് സി.ഐമാരടക്കം 20 പൊലീസുകാരെ നിയോഗിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. രണ്ട് സി.ഐ, എട്ട് എസ്.ഐ, നാല് സി.പി.ഒ എന്നിവരടക്കം 14 പേരെ നിയോഗിക്കാനുള്ള നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തുന്നത്. എമിഗ്രേഷൻ പോയിന്റ് പ്രവർത്തനം ആരംഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥനെ നിയോഗിക്കാനാണ് ആലോചന. രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കാത്തതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരത്തിയ കാരണങ്ങളിൽ പ്രധാനമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാത്തത്. പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലതവണ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പണം അനുവദിച്ചു
എമിഗ്രേഷൻ പോയിന്റ് പ്രവർത്തനം തുടങ്ങുമ്പോൾ യാത്രക്കാരെ പരിശോധിക്കാനാവശ്യമായതും അല്ലാത്തതുമായ സുരക്ഷാഉപകരണങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാർ കൊല്ലം പോർട്ടിന് പണം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ പോർട്ടിനുള്ളിലെ റോഡുകൾ ഫുട്പാത്ത് സഹിതം നവീകരിക്കാൻ ഒന്നരക്കോടി അനുവദിച്ചു. തകർന്ന ചുറ്റുമതിൽ പൂർത്തിയാക്കാനും നിരീക്ഷ കാമറകളുടെ അറ്റകുറ്റപ്പണികൾക്കും നടപടിയും തുടങ്ങിയിട്ടുണ്ട്.
ഫയൽ പ്രധാനമന്ത്രിയുടെ
നിരീക്ഷണത്തിൽ
വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പുരോഗതി വിലയിരുത്തുന്ന ഫയലുകളുടെ കൂട്ടത്തിൽ കൊല്ലം പോർട്ടിലെ എമിഗ്രേഷൻ പോയിന്റിനുള്ള അപേക്ഷയും ഉൾപ്പെട്ടിട്ടുണ്ട്. ഓരോ തവണ യോഗം ചേരുമ്പോഴും ഫയലിലെ പുരോഗതി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാണ്. അതുകൊണ്ട് തന്നെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കിയാൽ അതിവേഗം എമിഗ്രേഷൻ പോയിന്റ് യാഥാർത്ഥ്യമാകും.