
കൊല്ലം: എട്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന് 5.9 കോടി രൂപയുടെ സമ്മാനം നൽകുമെന്ന് സംഘാടക സമിതി. ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടിയ ടീമിനെ മറികടന്ന് കൊല്ലത്ത് നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 5 ലക്ഷം രൂപ സമ്മാനമായി നൽകും. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും സി.ബി.എൽ ഫൈനലും 26ന് വൈകിട്ട് 3ന് കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം അഷ്ടമുടിക്കായലിലാണ് നടക്കുക.
സി.ബി.എൽ ഫൈനൽ മത്സരത്തിൽ 9 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. 5 വിഭാഗങ്ങളിലായി 15 വള്ളങ്ങൾ വെപ്പ്, ഇരുട്ടുകുത്തി, വനിതകളുടെ തെക്കനോടി വിഭാഗത്തിൽ മത്സരിക്കും.
ഉദ്ഘാടന സമ്മേളനം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ജലഘോഷയാത്രയ്ക്ക്ശേഷം ചെറുവള്ളങ്ങളുടെ ഹീറ്റ്സ്, ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്, അതിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനലും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും നടക്കും. വിജയിക്ക് പ്രസിഡന്റ്സ് ട്രോഫി സമ്മാനിക്കും. സി.ബി.എൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം വീതവും സമ്മാനം ലഭിക്കും.
സംസ്കാരിക വിളംബര ജാഥ ഇന്ന് വൈകിട്ട് 4ന് കെ.എസ്.ആർ.ടി.സിക്കു സമീപത്തുനിന്ന് ആരംഭിച്ച് ചാമക്കട, മെയിൻ റോഡ്, ചിന്നക്കട, ആശ്രാമം ലിങ്ക് റോഡ് വഴി ഡി.ടി.പി.സിക്ക് സമീപം സമാപിക്കും.
ജലോത്സവ പ്രചാരണത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് സൗഹൃദ ഫുട്ബാൾ മത്സരങ്ങൾ നടന്നു. ജലോത്സവത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ചു. റാവിസ് ഹോട്ടലിന് സമീപത്ത് നിന്ന് കൊല്ലം ബോട്ട് ജെട്ടിവരെ 1000 മീറ്റർ നീളത്തിൽ മൂന്ന് ട്രാക്കുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്ന് ജലോത്സവ സംഘാടക സമിതി ചെയർമാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.ബി.എൽ സംഘാടക സമിതി ചെയർമാൻ എം.മുകേഷ് എം.എൽ.എ, പ്രസിഡന്റ്സ് ട്രോഫി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം.നൗഷാദ് എം.എൽ.എ, സി.ബി.എൽ ടെക്നിക്കൽ കമ്മിറ്റി അംഗം ആർ.കെ.കുറുപ്പ് എന്നിവർ അറിയിച്ചു.