കൊല്ലം: സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) അഞ്ചാം സംസ്ഥാന സമ്മേളനം കെ.വി.പീതാംബരൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ഹാൾ) നാളെയും 26നുമായി നടക്കും. 14 ജില്ലകളിൽ നിന്നായി 280 പ്രതിനിധികൾ പങ്കെടുക്കും. നാളെ രാവിലെ 10ന് സി.ഐ.ടി.യു അഖിലേന്ത്യാവൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് മത്സ്യമേഖലയിലെ പ്രതിസന്ധികളും അനുബന്ധ തൊഴിലാളികളും എന്ന വിഷയത്തിൽ സെമിനാർ മന്ത്രി വി. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. പ്ലാനിംഗ് ബോർഡ് ചീഫ് ഡോ.എസ്.എസ്.നാഗേഷ് വിഷയാവതരണം നടത്തും.

അഖിലേന്ത്യ തലത്തിൽ ഏറ്റെടുക്കുന്ന തൊഴിലാളി സമരങ്ങളിൽ മത്സ്യ മേഖലയിലെ തൊഴിലാളികളെയും അണിനിരത്തുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് സംഘാടക സമിതി ചെയർമാൻ എസ്. ജയമോഹൻ, കൺവീനർ മത്യാസ് അഗസ്റ്റിൻ, സംസ്ഥാന ഫെഡറേഷൻ പ്രസിഡന്റ് എ.സഫറുള്ള, ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി എന്നിവർ അറിയിച്ചു.