പുനലൂർ: ചരിത്ര സ്മാരകമായ പുനലൂർ തൂക്ക് പാലത്തിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു. അതിന്റെ മുന്നോടിയായി കഴിഞ്ഞ ആഴ്ചയിൽ തൂക്ക് പാലം അടച്ചിരുന്നു. നവീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷം വിനോദസഞ്ചാരികൾക്ക് തൂക്ക് പാലം തുറന്ന് നൽകും. പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിൽ നഗരമദ്ധ്യത്ത് സ്ഥിതി ചെയ്യുന്ന തൂക്ക് പാലം നവീകരിച്ച് മോടി പിടിപ്പിക്കാൻ 26.88 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാലത്തിന്റെ ഉപരിതലത്തിലെ നശിച്ച തമ്പക പലകകൾ നീക്കി പകരം പുതിയത് സ്ഥാപിക്കൽ, കരിങ്കൽ ആർച്ചുകളുടെ അറ്റകുറ്റ പണികൾ, ദ്രവിച്ച കമ്പികൾ മാറ്റി പുതിയ കമ്പികൾ സ്ഥാപിക്കൽ, പാലം തൂക്കി ഇട്ടിരിക്കുന്ന ഉരുക്ക് ചങ്ങലകൾ ചായം പൂശി മോടി പിടിപ്പിക്കുന്നതടക്കമുളള നവീകരണ ജോലികളാണ് ആരംഭിച്ചത്.പി.എസ്.സുപാൽ എം.എൽ.എ പുരാവസ്തു വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണ് തൂക്ക് പാലം നവീകരിക്കാനാവശ്യമായ തുക അനുവദിച്ചത്.