 കൊല്ലം ജില്ലയിൽ ഏറ്റെടുക്കുന്നത് 209 ഹെക്ടർ

കൊല്ലം: ദേശീയപാത 744ന് സമാന്തരമായി നിർമ്മിക്കുന്ന ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ വികസനത്തിന് സ്ഥലമേറ്റെടുക്കൽ വിജ്ഞാപനമായി. ജില്ലയിൽ കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലായി 209 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഹൈവേ ഡെപ്യൂട്ടി കളക്ടർ 3 (എ) പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ദേശീയ പാത വികസനത്തിനായി തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ 56 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ നേരത്തെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഈ ഭാഗത്ത് കല്ലിടൽ ജോലികൾ പുരോഗമിച്ചുവരികയാണ്.

കൊല്ലം ജില്ലയിലെ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം ഒപ്പിട്ടെങ്കിലും വിജ്ഞാപനം വൈകുന്നതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിജ്ഞാപന നടപടികൾക്ക് വേഗതയേറിയത്. പുനലൂർ താലൂക്കിലെ ആര്യങ്കാവ്, തെൻമല, ഇടമൺ, ചിരമല്ലൂർ, ഏരൂർ, അലയമൺ, അഞ്ചൽ, കൊട്ടാരക്കര താലൂക്കിലെ കോട്ടുക്കൽ, ഇട്ടിവ, ചടയമംഗലം, നിലമേൽ വില്ലേജുകളിൽ ഉൾപ്പെടുന്ന ഭൂമിയാണ് ഏറ്റെടുക്കൽ പരിധിയിൽ വരിക.

കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 58.92 കിലോമീറ്ററാണ് വികസന പദ്ധതിയിലുള്ളത്. ഇതിൽ 38.24 കിലോമീറ്റർ പുതുതായി നിർമ്മിക്കുന്നതും ബാക്കി നിലവിലെ റോ‌ഡുമാണ്. കടമ്പാട്ടുകോണം, പത്തടി, കുളത്തൂപ്പുഴ, തെന്മല വരെയുള്ള ഭാഗം ഗ്രീൻഫീൽഡ് ഹൈവേയിൽ ഉൾപ്പെടും. തെന്മല മുതൽ ആര്യങ്കാവ് വരെ നിലവിലെ റോഡും വികസിപ്പിക്കും.

പാലങ്ങൾ, കലുങ്കുകൾ, ഓടകൾ, സംരക്ഷണഭിത്തികൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും. നിലവിലെ കൊല്ലം- ചെങ്കോട്ട പാത വീതികൂട്ടി വികസിപ്പിക്കുന്നതിന് സ്ഥല ലഭ്യത ഉൾപ്പെട പ്രശ്നങ്ങൾ നേരിട്ടപ്പോഴാണ് ഗ്രീൻഫീൽഡ് ഹൈവേ എന്ന ആശയം ഉയർന്നത്.

.................................

ഇനിയുള്ളത്

 ആക്ഷേപമുള്ളവർക്ക് 21 ദിവസത്തിനകം

ഡെപ്യൂട്ടി കളക്ടർക്ക് പരാതി നൽകാം

 ഹീയറിംഗ് നടത്തി പരാതികൾ തീർപ്പാക്കും

 സർവേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിടും

 ഏറ്റെടുക്കുന്ന ഭൂമി രേഖപ്പെടുത്തി അന്തിമ വിജ്‌ഞാപനം പുറപ്പെടുവിക്കും

 നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിക്കും

.........................................................................................................

ആകെ ഏറ്റെടുക്കുന്ന ഭൂമി : 265 ഹെക്ടർ

 റോഡിന്റെ വീതി : 45 മീറ്റർ (4 വരി പാത)

 വനമേഖല : 30 മീറ്റർ

 പദ്ധതി അടങ്കൽ തുക : 4047 കോടി