crime

പിന്നിൽ മധുര തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കൾ

ചാത്തന്നൂർ: ചാത്തന്നൂരിലും പാരിപ്പള്ളിയിയിലും പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മൂന്നേമുക്കാൽ ലക്ഷം രൂപയും പത്ത് പവനോളം സ്വർണവും കവർന്ന രണ്ട് തമിഴ്നാട് സ്വദേശികളെ മണിക്കൂറുകൾക്കുള്ളിൽ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. മധുര അരപ്പാളയം പുട്ട്തോപ്പ് ചെക്കാടി തെരുവ് 23ൽ സുരേഷ് എന്ന പട്രായി സുരേഷ്, തിരുച്ചി മുസിരി തോട്ടിയം താലൂക്ക് അപ്പനല്ലൂർ പെരുമാൾ കോവിൽ തെരുവ് 4/22ൽ രാജ് കമൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം കനകമന്ദിരത്തിൽ ശ്യാംരാജിന്റെ(ബാവൂട്ടി) വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് അലമാരയിലുണ്ടായിരുന്ന 3.75 ലക്ഷം രൂപയും മൂന്നുപവൻ സ്വർണവും കവർന്നത്. ഭാര്യയെ ജോലിസ്ഥലത്ത് എത്തിച്ച് ശ്യാംരാജ് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. രാവിലെ പത്ത് മണിയോടെയാണ് പാരിപ്പള്ളി പാമ്പുറം ചള്ളിച്ചിറ റോഡിൽ കവിതയുടെ വീടായ ഇന്ദ്രനീലത്തിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി അലമാരകൾ കുത്തിപ്പൊളിച്ച് ഏഴരപവൻ സ്വർണം കവർന്നത്. രണ്ടു വീടുകളിലും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.

പൊലീസിന് ലഭിച്ച മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ഫോട്ടോയിലുള്ളത് അടുത്തിടെ ജയിൽമോചിതനായ തമിഴ്നാട് സ്വദേശി പട്രായി സുരേഷാണെന്ന് തിരിച്ചറിയും തുടർന്ന് ഇയാളുടെ ഭാര്യയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വൈകിട്ട് 5 മണിയോടെ തമിഴ്ന്ട്ടിലേക്ക് കടക്കവെ പുനലൂരിനടുത്ത് പുളിയറയിൽ വച്ചാണ് ഇരുവരേയും അറസ്റ്ര് ചെയ്തത്. ഇവരിൽ നിന്നും തൊണ്ടിമുതലുകളും പൊലീസ് കണ്ടെടുത്തു. ചാത്തന്നൂർ അസി.കമ്മിഷണർ ബി.ഗോപകുമാർ, പാരിപ്പള്ളി എസ്.എച്ച്.ഒ. അൽ ജബ്ബർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.