വീതികൂട്ടി നവീകരിക്കണമെന്ന് ആവശ്യം
മൺറോത്തുരുത്ത് : കേണൽമൺറോ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് തുരുത്തിലെ കൃഷി അഭിവൃദ്ധിപ്പെടുത്താൻ ഇടിയക്കടവിലെ ഇടുങ്ങിയ ഭാഗം വെട്ടിയുണ്ടാക്കിയ തൊടാണ് പിന്നീട് കല്ലടയാറിന്റെ കൈവഴിയായ പുത്തനാറ് എന്നറിയപ്പെട്ടത്. ഈ ആറിന് കുറുകെ ടി.കെ. ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായപ്പോൾ 1973 ൽ നിർമ്മിച്ച പാലമാണ് ഇടിയക്കടവ് പാലം. മൺറോത്തുരുത്തിലേയ്ക്കുള്ള ഏക ഗതാഗത മാർഗ്ഗം ഇപ്പോഴും ഈ പാലമാണ്. ഒരുസമയം ഒരു ബസിന് കടന്നു പോകാൻ മാത്രം വീതിയുള്ള ഈ പാലം പഴക്കംകൊണ്ട് അപകടാവസ്ഥയിലാണ്.
കൊടുംവളവും കുത്തിറക്കവും ഇറങ്ങിയാണ് വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ, അകലെ നിന്ന് വാഹനങ്ങൾ വരുന്നത് കാണാൻ കഴിയാറില്ല. വന്നുചേരുന്ന റോഡിന്റെ വീതികൂട്ടിയെങ്കിലും പാലം ഇടുങ്ങിയതായതിനാൽ അപരിചിതർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. ഇക്കാര്യം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡ് അധികൃതർ സ്ഥാപിച്ചിട്ടുമില്ല.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച കുണ്ടറ - മൺറോത്തുരുത്ത് റോഡിലാണ് ഇടിയക്കടവ് പാലം സ്ഥിതി ചെയ്യുന്നത്. റോഡുപണി ഏറ്റെടുത്ത കരാറുകാരൻ ഉപേക്ഷിച്ചുപോയതിനാൽ റീടെണ്ടർ നൽകി നിർമ്മാണം പുനരാരംഭിക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുപോകുകയാണ്. ഇതിനൊപ്പം പാലവും കൂടി കിഫ് ബി പദ്ധതിയിൽപ്പെടുത്തി വീതികൂട്ടി നവീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കൈവിടാതെ
കൈവരി
പാലത്തിന്റെ ജീർണ്ണാവസ്ഥ നിരവധി തവണ കേരളാകൗമുദി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അതിന്റെ ഫലമായി കൈവരികൾ പുനർനിർമ്മിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ സ്കൂൾ ബസിനെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് ഈ കൈവരിയാണ്.
...................................................................................................................
പാലത്തിൽ വീതിക്കുറവും കാലപ്പഴക്കവും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ റോഡിന്റെ നിർമ്മാണത്തിനൊപ്പം പുതിയ പാലത്തിനുള്ള നടപടിയും വേണം
ശോഭാസുധീഷ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്
അപരിചിതരായ സഞ്ചാരികൾ രാത്രിയിൽ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ വേഗനിയന്ത്രണ സൂചനാ
ബോർഡുകൾ എത്രയും വേഗം സ്ഥാപിക്കണം
കന്നിമേൽ അനിൽകുമാർ, വിചാർ വിഭാഗ് മണ്ഡലം പ്രസിഡന്റ്