 
ചവറ : പന്മന കാട്ടിൽ മേക്കതിൽ അമ്മയ്ക്ക് മുന്നിൽ വൃശ്ചികം 1 മുതൽ 12 നാൾ വൃതം നോറ്റ് ഭജനമിരിക്കുന്ന ഭക്തർ നേർച്ച നിവേദ്യമായി കാർഷിക വിഭവങ്ങൾക്കൊണ്ടുള്ള പുഴുക്കുകൾ തയ്യാറാക്കും. എല്ലാ ദിവസവും വൈകിട്ട് ഭജനകുടിലിലേക്കെത്തുന്നവർക്ക് ചീനി, ചേന, ചേമ്പ്, കാച്ചിൽ, മധുരകിഴങ്ങ് തുടങ്ങിയവ പുഴുങ്ങിയതും ഇടിച്ചചമ്മന്തിയും കാന്താരിമുളകും പച്ചമുളകും ഉള്ളിയും ചേർത്ത് തയ്യാറാക്കിയ ചമ്മന്തിയും കാപ്പിയും നൽകും. ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും ഉൾപ്പെടെ തങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തുന്നവരെല്ലാം പാ വിരിച്ചിരുന്ന് ഈ നിവേദ്യം കഴിക്കും. ആയിരത്തിലധികം കുടിലുകളുള്ളതിനാൽ ഓരോ കുടിലിനും പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഓരോ പർണ്ണശാലയിലും എല്ലാ ദിവസവും വൈകിട്ട് ഈ കാർഷിക വിഭവ പുഴുക്ക് ഉണ്ടാവും.
കുടിലുകളിൽ എത്തുന്നവർ കുടുംബസമേതം വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവിഭാഗം മനുഷ്യരും അമ്മയുടെ മുന്നിൽ തുല്യരാണെന്ന സന്ദേശം നൽകുന്ന തരത്തിൽ ഒരുമയുടെയും ശാന്തിയുടെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകരുന്നതാണ് ഈ ഒത്തുചേരൽ.