ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചികമഹോൽസവം പ്രമാണിച്ചുള്ള തോറ്റംപാട്ടിലെ പ്രധാന ചടങ്ങായ എതിരേൽപ്പ്പാട്ട് നാളെ നടക്കും. തോറ്റംപാട്ടിലെ ദേവിയുടെ തിരുകല്യാണവും പൊലിവ്പാട്ടും മാലപ്പാട്ടും ഇന്നലെ നടന്നു. ഇഷ്ടവിഭവങ്ങൾ, കാർഷികവിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ കാണിക്കയായി സമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. തോറ്റം പാട്ടിൽ ഇന്ന് വിവാഹാനന്തരം ദേവി, ഭർത്താവായ ബാലകന്റെ നാടായ വടക്കൻ കൊല്ലത്തേക്ക് കപ്പലിൽ യാത്ര ചെയ്യുന്നതും ഏഴാം തൃക്കല്യാണ വർണ്ണനകളുമാണുള്ളത്. ശ്രീകാര്യം സുരേഷ് രാമചന്ദ്രനും സംഘവുമാണ് തോറ്റംപാട്ട് ആലപിക്കുന്നത്.

ഉമ്പതാം ഉത്സവ ദിവസമായ നാളെ രാത്രി 9.30ന് പൊന്മന കളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്ന് ബാലികാ ബാലന്മാർ ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ താലപ്പൊലി നടക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര കന്നിട്ട കടവ് കൊട്ടാരത്തിൽ കടവ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. എതിരേൽപ്പ് പാട്ടിനോടനുബന്ധിച്ചാണ് താലപ്പൊലി ഘോഷയാത്ര നടക്കുന്നത്. ഘോഷയാത്ര യോടനുബന്ധിച്ച് കന്നിട്ട കടവ് മുതൽ കൊട്ടാരത്തിൽ കടവ് വരെയും കളങ്ങര ക്ഷേത്രം മുതൽ കന്നിട്ട കടവ് വരെയും ദീപാലങ്കാരം ഒരുക്കും. കായൽ പൂരം, കായൽ വിളക്ക്, കായൽ കമ്പം, എന്നിവയും ഉണ്ടാവും. ഭജന കുടിലുകളിൽ നിന്നുള്ള ഭക്തർക്ക് പുറമേ ആയിരക്കണക്കിന് ഭക്തർ താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കും. വൈകിട്ട് 7ന് നടക്കുന്ന സർപ്പബലിയിൽ നൂറുംപാലും. അഷ്ടനാഗ പൂജ നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രസീത് വാങ്ങേണ്ടതാണെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്.ജയകുമാറും, സെക്രട്ടറി ആർ. സുജിത്തും അറിയിച്ചു. കൊട്ടാരത്തിൻകടവ്, കന്നിട്ട കടവ് എന്നിവിടങ്ങളിൽ കൂടുതൽ ജങ്കാർ ബോട്ട് സർവീസുകൾ ക്ഷേത്ര ഭരണസമിതി ഏർപ്പെടുത്തിയിട്ടുണ്ട്.