കൊല്ലം: കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന തൊഴിലവസരങ്ങളുമായി ജില്ലാ പഞ്ചായത്ത്. അഗ്രി ടെക് പദ്ധതിവഴി ആദ്യഘട്ടത്തിൽ നൂറുപേരെയാണ് നിയമിക്കുന്നത്. അഗ്രികൾച്ചർ വി.എച്ച്.എസ്.ഇ, ഡിപ്ളോമ, ബി.എസ്‌സി പാസായവർക്കാണ് തൊഴിലവസരം നൽകുന്നത്. സ്റ്റൈഫന്റോടെ രണ്ട് വർഷത്തേക്കാണ് അപ്രന്റീസ്ഷിപ് തരത്തിൽ നിയമനം നൽകുന്നത്. ബിരുദധാരികൾക്ക് 15,000 രൂപയും ഡിപ്ളോമയുള്ളവർക്ക് 10,000 രൂപയും വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവർക്ക് 8000 രൂപയുമാണ് പ്രതിമാസ വേതനം നൽകുന്നത്. ജില്ലയിലെ കൃഷിഭവനുകളിലും ഫാമുകളിലുമാണ് നിയമനം നൽകുക.
മാലാഖക്കൂട്ടത്തിന് പിന്നാലെ
നഴ്സിംഗ് പഠനം കഴിഞ്ഞവർക്ക് ജോലി ലഭ്യമാക്കിയ ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതി വലിയ ഹിറ്റായിരുന്നു. ജില്ലയിലെ സർക്കാർ ആതുരാലയങ്ങളിൽ നൂറുകണക്കിന് നഴ്സുമാർ ഇത്തരത്തിൽ ഇപ്പോൾ ജോലി ചെയ്തുവരികയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകളെ ലക്ഷ്യമാക്കിയാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ജനറൽ വിഭാഗത്തിൽ നിന്നും പിന്നീട് നിയമനം നടത്തി. യോഗ്യതയുള്ള ചെറുപ്പക്കാർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ സ്കിൽ ടെക് പദ്ധതി തുടങ്ങിയതും ശ്രദ്ധനേടിയിരുന്നു. ഐ.ടി.ഐ, ഡിപ്ളോമ, എൻജിനീയറിംഗ്, എം.ബി.എ യോഗ്യതയുള്ളവർക്ക് ഒറ്റയ്ക്കോ കൂട്ടായോ ഉത്പാദന- സേവന സംരംഭങ്ങൾ തുടങ്ങുന്നതിന് സബ്സിഡി അനുവദിച്ച യൂത്ത് ടെക് പദ്ധതിയടക്കം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി വിജയിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാർഷിക, മൃഗസംരക്ഷണ മേഖലയിൽ പ്രയോജനപ്പെടുന്നവിധം അഗ്രി ടെക് പദ്ധതിയും നടപ്പാക്കുന്നത്.
ഉദ്ഘാടനം 29ന്
ജില്ലാ പഞ്ചായത്തിന്റെ അഗ്രി ടെക് പദ്ധതിയുടെ ഉദ്ഘാടനം 29ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്തിലെ ജയൻ സ്മാരക ഹാളിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് ഈ വർഷം നടപ്പാക്കുന്ന മഴമറ, പൊലിയോപൊലി, കൊയ്ത്ത് മെതിയന്ത്രങ്ങൾ വാങ്ങിനൽകൽ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. വൈസ് പ്രസിഡന്റ് വി.സുമാലാൽ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.എസ്.അനീസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെ.നജീബത്ത്, വസന്ത രമേശ്, പി.കെ.ഗോപൻ, അനിൽ.എസ്.കല്ലേലിഭാഗം, സെക്രട്ടറി ബിനുൻ വാഹിദ്, എ.കബീർദാസ് എന്നിവർ സംസാരിക്കും.
അഗ്രി ടെക് വഴി ആദ്യഘട്ടത്തിൽ നൂറുപേർക്ക് രണ്ട് വർഷത്തേക്ക് നിയമനം നൽകും. തുടർന്ന് കൂടുതൽപേരെ ഉൾപ്പെടുത്തും. കാർഷിക- ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുകയും അതുവഴി ബന്ധപ്പെട്ട മേഖലയ്ക്ക് കൂടുതൽ ഉണർവുണ്ടാക്കുകയുമാണ് ലക്ഷ്യമിടുന്നത്.
ബിനുൻ വാഹിദ്, സെക്രട്ടറി, ജില്ലാ പഞ്ചായത്ത്