കൊല്ലം: ആർ.എസ്.എസ് കുണ്ടറ നഗർ കാര്യവാഹ് ഇളമ്പള്ളൂർ മുണ്ടയ്ക്കൽ വിനീത് ഭവനിൽ വിനീതിനെ (കണ്ണൻ, 34) ബൈക്ക് തടഞ്ഞുനിർത്തി വെട്ടിപരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചന്ദനത്തോപ്പ് അരുൺ ഭവനിൽ അനീഷ് കുമാറാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി നാന്തിരിക്കൽ ജംഗ്ഷനിൽ വച്ച് മൂഖം മൂടി ധരിച്ച് ബൈക്കിലെത്തിയവരാണ് ആക്രമിച്ചത്. രണ്ട് ബൈക്കുകളിലായി മുഖംമൂടി ധരിച്ചെത്തിയ ആറുപേരായിരുന്നു ആക്രമണം നടത്തിയത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. കൈയ്ക്കും കാലിലും വെട്ടേറ്റ വിനീതിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നിരീക്ഷണ കാമറാദൃശ്യങ്ങൾ പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എഴുപതോളം നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും 50​ഓളം മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചു. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ വിനീത് പങ്കെടുക്കുമെന്ന് മനസിലാക്കിയ അനീഷ് മടക്കയാത്രയിൽ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു. മറ്റുപ്രതികളെയും ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞു.