കൊല്ലം: ചിന്നക്കട-ചാമക്കട റോഡിൽ ഉമാമഹേശ്വര ക്ഷേത്രത്തിനോട് ചേർന്നുള്ള ടൂറിസ്റ്റ് ഹോമിന്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായി. ഗോഡോണിൽ സൂക്ഷിച്ചിരുന്ന കിടക്കകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. പ്രദേശത്ത് ഉണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സമയത്ത് എത്തിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ 10.15 ഓടെയായിരുന്നു സംഭവം. ടൂറിസ്റ്റ് ഹോമിന്റെ ഗോഡൗൺ നേരത്തെ ക്ഷേത്രത്തിന് വാടകയ്ക്ക് നൽകിയിരുന്നതാണ്. വാടകത്തർക്കത്തെ തുടർന്ന് ഗോഡൗൺ പൂട്ടി. ഇന്നലെ ഗോഡോണിനോട് ചേർന്നുള്ള ഭാഗത്തെ ഇരുമ്പ് ഗേറ്റ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീപ്പൊരി വീണ് തീ ആളിപ്പടരുകയായിരുന്നു. തർക്കം നിലനിൽക്കുന്ന സ്ഥലമായതിനാൽ രാവിലെ 9.30ഓടെ പൊലീസെത്തി വെൽഡിംഗ് വിലക്കിയിരുന്നു. എന്നിട്ടും തുടരുന്നതിനിടിയിലാണ് തീപിടിത്തമുണ്ടായത്. ഇടുങ്ങിയ സ്ഥലമായതിനാൽ ശ്വാസതടസം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ബി.എ സെറ്റ് ധരിച്ചാണ് തീ കെടുത്തിയത്. ഏകദേശം പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ചാമക്കട ഫയർസ്റ്റേഷൻ അധികൃതർ പറഞ്ഞു. കടപ്പാക്കട അസി. സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ചാമക്കട, കടപ്പാക്കട ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്.