
കൊല്ലം: അത്യാധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവേ പുനലൂർ വില്ലേജിൽ പുരോഗമിക്കുന്നു. കൊല്ലം ജില്ലയിൽ ബാക്കി 11 വില്ലേജുകളിലെ സർവേ ഉടൻ ആരംഭിക്കും.
അത്യാധുനിക സർവേ ഉപകരണങ്ങളായ കോർസ്, ആർ.ടി.കെ റോവർ, റോബോട്ടിക്ക് ടോട്ടൽ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചാണ് സർവേ. പുനലൂർ വില്ലേജിലേക്ക് ആവശ്യമായ ഉപകരണങ്ങളെത്തി. സർവേക്കായി എട്ട് ജീവനക്കാരെയും നിയമിച്ചു.
സർവേയ്ക്ക് മുമ്പായി ജീവനക്കാർ വീടുകൾ സന്ദർശിച്ച് ഉടമസ്ഥതാവകാശം, അതിർത്തി സംബന്ധിച്ച രേഖകൾ ശേഖരിക്കുന്നുണ്ട്. കൂടുതൽ ഉപകരണങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് വില്ലേജുകളിലെ സർവേ ആരംഭിക്കും. ആവശ്യമായ സർവേയർമാരെയും ഹെൽപ്പർമാരെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
കിളികൊല്ലൂർ, മങ്ങാട്, കൊറ്റങ്കര, കുലശേഖരപുരം, കല്ലേലിഭാഗം, തൊടിയൂർ, തലവൂർ, വിളക്കുടി, പത്തനാപുരം, ഇടമൺ, വാളാക്കോട്, പുനലൂർ എന്നീ 12 വില്ലേജുകളിലാണ് ആദ്യഘട്ടം സർവേ നടക്കുക.
വസ്തു ഉടമകൾക്കുള്ള പ്രയോജനം
ഭൂമി സംബന്ധമായ സേവനങ്ങൾ ഏകജാലക ഓൺലൈനിൽ
കൃത്യമായ ഭൂരേഖകളും സ്കെച്ചും ലഭ്യമാകും
എന്റെ ഭൂമി ഓൺലൈൻ പോർട്ടലിലൂടെ രേഖകൾ ലഭ്യമാകും
സർവേ റെക്കാഡുകളുടെ അടിസ്ഥാനത്തിൽ പട്ടയം
ഫീൽഡ് പരിശോധന കൂടാതെ ലൊക്കേഷൻ സ്കെച്ച്