nl
വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന ശാസ്ത്ര സാങ്കേതിക യുവജന സമ്മേളനം വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

തഴവ: പ്രകൃതി വിഭവങ്ങളെ പൂർണമായും ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുംവിധം സാങ്കേതിക വിദ്യ പുരോഗമിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന ശസ്ത്ര-സാങ്കേതിക - യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി ഭക്ഷ്യോത്പ്പന്ന മേഖലയിൽ വളർച്ച നേടാൻ കഴിഞ്ഞത് സാങ്കേതിക പുരോഗതിയുടെ വിജയമാണ്. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ മാറ്റത്തിന് ആനുപാതികമാണ് സാമൂഹ്യ - സാമ്പത്തിക പുരോഗതിയെന്നും സതീശൻ പറഞ്ഞു. സമ്മേളനത്തിൽ എം.പിമാരായ ഡോ. അബ്ദുൾ സമദ് സമദാനി , എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മതം മനുഷ്യ ഹൃദയം വിട്ട് തെരുവിലിറങ്ങിയ ദുസ്ഥിതിയാണ് നിലവിലുള്ളതെന്ന് അബ്ദുൾ സമദ് സമദാനി പറഞ്ഞു. നവോത്ഥാന കാലത്ത് കുഴിച്ചു മൂടിയ പല ദുരാചാരങ്ങളും പുനരവതരിച്ച് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര പുരോഗതി മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ മാനവികത ഉയരണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വിനാശകരമായ ഒന്നിനെ വളർത്തിയെടുക്കാതെ നാശങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്ര ഗവേഷണം ജാഗ്രത കാണിക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പി.സി വിഷ്ണുനാഥ് എം.എൽ.എ ,പഴകുളം മധു, എസ്.ആർ. അരുൺ ബാബു, സജി ലാൽ , ഉല്ലാസ്കോവൂർ ,വി.എസ്. ജിതിൻ ദേവ് ,അരിതാ ബാബു, വിപിൻ സി ബാബു, അനിൽ എസ്.കല്ലേലിഭാഗം, സന്തോഷ് തുപ്പാശ്ശേരിൽ, യു.ഉല്ലാസ്, നികേഷ് തമ്പി ,എൻ.കൃഷ്ണകുമാർ, ബോബൻ ജി നാഥ്, എസ്.കൃഷ്ണകുമാർ, ഷബാന മഠത്തിൽ, ശരത്കുമാർ, ദിലീപ് ശങ്കർ എന്നിവർ സംസാരിച്ചു.