കുന്നത്തൂർ : തലമുറകളായി ഇടയ്ക്കാട് കോളനിയിൽ താമസിക്കുന്നവർ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. സംസ്ഥാനത്തും ജില്ലയിലും താലൂക്കിലും വിവിധ വിഭാഗത്തിൽപ്പെട്ടവർക്ക് പട്ടയം നൽകുമ്പോൾ ഇടയ്ക്കാട്ടിലെ ജനങ്ങൾ വർഷങ്ങളായി അവഗണന നേരിടുകയാണ്. പോരുവഴി വില്ലേജിലെ ഇടയ്ക്കാട് കോളനിയിലെ ജനങ്ങളാണ് വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്നത്.
വീടുകൾ തകർച്ചയിൽ
പട്ടയം ലഭിക്കാത്തതിനാൽ വീടുകളുടെ അറ്റകുറ്റപ്പണിക്ക് പോലും പഞ്ചായത്തിലടക്കം അപേക്ഷ നൽകാൻ ഇവർക്ക് കഴിയുന്നില്ല. അതിനാൽ മിക്ക വീടുകളും തകർച്ചയുടെ വക്കിലാണ്. പിറന്ന മണ്ണിൽ നീതിനിഷേധത്തിന്റെ ഇരകളായി കഴിയുകയാണ് ഇവിടുത്തെ സാധാരണക്കാർ. കർഷകരും കൂലിപ്പണിക്കാരും കശുഅണ്ടി തൊഴിലാളികളും ഉൾപ്പെടുന്ന ജനവിഭാഗമാണ് വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്നത്.
വില്ലേജ് ഓഫീസ് ഉദ്ഘാടനം ബഹിഷ്ക്കരിക്കും
ഇടയ്ക്കാട് കോളനിയിലെ പട്ടയ വിഷയം പരിഹരിക്കാതെ ഡിസംബർ 1ന് നടക്കുന്ന പോരുവഴി വില്ലേജ് ഓഫീസ് ഉദ്ഘാടനം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.റവന്യൂ മന്ത്രി കെ.രാജനാണ് ഉദ്ഘാടനം നിർവഹിക്കാനെത്തുന്നത്.
പട്ടയ വിതരണത്തിന് ശേഷം വില്ലേജ് ഓഫീസ് ഉദ്ഘാടനം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. അല്ലാ ആപക്ഷം ശക്തമായ പ്രതിഷേധ സമരം ആരംഭിക്കും. ഇതു സംബന്ധിച്ച് കുന്നത്തൂർ തഹസിൽദാർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
പി.കെ.രവി
ഡി.സി.സി ജനറൽ സെക്രട്ടറി