ഓയൂർ: ബസും ബൈക്കും കൂട്ടിയിടിച്ച് മൈലോട് സ്വദേശികളായ യുവാക്കൾ മരിച്ചു. പൂയപ്പള്ളി മരുതമൺ പള്ളിയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പൂയപ്പള്ളി മൈലോട് രഞ്ജു ഭവനിൽ രാമചന്ദ്രന്റെ മകൻ രഞ്ജു (23), ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പെരിനാട് കുന്നിൽ തോട്ടത്തിൽ വീട്ടിൽ മനോജ് (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.20 ന് മരുതമൺപള്ളി മാക്രിഇല്ലാക്കുളത്തിന് സമീപം വച്ച് പൂയപ്പള്ളി ഭാഗത്ത് നിന്ന് ഓയൂർ ഭാഗത്തേക്ക് പോയ ബൈക്കും എതിർദിശയിൽ വന്ന ആരോൺ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കുടിയവർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എന്നാൽ രാത്രി വൈകിയും അപകടത്തിൽപ്പെട്ട യുവാക്കൾ ആരെന്ന് തിരിച്ചറിൻ കഴിഞ്ഞിരുന്നില്ല. അവിവാഹിതനായ രഞ്ജു ഓയൂർ എസ്.കെ സൗണ്ട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമ്മ :കുമാരി. സഹോദരി: രാധിക. മരിച്ച മനോജ് ആക്രി പെറുക്ക് തൊഴിലാളിയായിരുന്നു. ഭാര്യ രജനി ഗൾഫിലാണ്. വീടുമായി ബന്ധമില്ലാതെ ഭാര്യയുടെ നാടായ ഓടനാവട്ടം മുട്ടറയിലും പരിസരത്തുമായി ഇയാൾ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.