ചാത്തന്നൂർ: എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് കേരള സർവകലാശാല ഏർപ്പെടുത്തിയ അവാർഡ് ചാത്തന്നൂർ എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്. ലത, സ്പീക്കർ എ.എൻ.ഷംസീറിൽ നിന്ന് ഏറ്റുവാങ്ങി. കൊവിഡ് കാലത്ത് കാർഷിക മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളും കിടപ്പ് രോഗികൾക്ക് നൽകിയ സേവനങ്ങളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും വിവിധ പരിസ്ഥിതി പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. മിനിസ്റ്ററി ഒഫ് ഹയർ എഡ്യുക്കേഷൻ ദേശീയതലത്തിൽ നൽകുന്ന 2021-22ലെ
വൺ ഡിസ്ട്രിക്ട് വൺ ഗ്രീൻ ചാമ്പ്യൻ അവാർഡും കോളേജ് കരസ്ഥമാക്കിയിരുന്നു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പ്രശംസാപത്രം പ്രോഗ്രാം ഓഫീസർ ടി.വി. നിഷയും മികച്ച വോളണ്ടിയർക്കുള്ള പ്രശംസാപത്രം വിദ്യാർത്ഥി അഖിൽ എസ്.രാജും എറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർമാരായ ടി.വി. നിഷയും രശ്മി കുണ്ടാഞ്ചേരിയുമാണ് കോളേജിലെ എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.