കൊട്ടാരക്കര: സ്വകാര്യ ബസുകളുടെ മത്സരഓട്ടവും നിയമ ലംഘനവും നാട്ടുകാരെ ഭീതിയിലാക്കുന്നു. വെഹിക്കിൾ ഉദ്യോഗസ്ഥർക്കോ, പൊലീസോ,റോഡ് സുരക്ഷാ വകുപ്പോ നടപടിയെടുക്കുന്നില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് ഡോറുകൾ ഘടിപ്പിക്കണമെന്ന ഉത്തരവും ലംഘിക്കപ്പെടുന്നു. ആർ.ടി ഓഫീസിൽ ടെസ്റ്റിംഗിനെത്തുന്ന ബസുകൾക്കെല്ലാം ഡോർ ഉണ്ടാകുമെങ്കിലും മിക്ക ബസുകളുടെയും ഡോറുകൾ ബസിന്റെ സൈ‌ഡ് ബോഡിയിൽ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയ നിലയിലാണ്. ഫലത്തിൽ ഡോർ ഇല്ലാത്ത അവസ്ഥ. സ്കൂൾ സമയങ്ങളിൽ മത്സര ഓട്ടം നടത്തുന്ന ബസുകളിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീഴുന്നത് പതിവായിട്ടും വെഹിക്കിൾ ഉദ്യോഗസ്ഥരോ പൊലീസോ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ല. നാലു മാസത്തിനിടയിൽ സ്വകര്യ ബസിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഓട്ടത്തിനിടയിൽ റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാർ പത്തോളം വരും. സ്വകാര്യബസുകളുടെ ഡോറിന്റെ കാര്യത്തിലെങ്കിലും ബന്ധപ്പെട്ടവർ ശക്തമായ നിയമ നടപടിയെടുക്കക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.