കൊല്ലം: കൊല്ലം എഫ്.സി.ഐ ഗോഡൗണിനോട് ചേർന്നുള്ള ലോറിത്താവളത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി കോർപ്പറേഷനും റവന്യൂ വകുപ്പും തമ്മിൽ തർക്കം. ഇതോടെ ഇവിടെ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കാനുള്ള കോർപ്പറേഷന്റെ പദ്ധതിയും പ്രതിസന്ധിയിലായി.

ലോറിത്താവളം സ്ഥിതി ചെയ്യുന്ന 1.62 ഏക്കർ സ്ഥലം കഴിഞ്ഞ അരനൂറ്റാണ്ടായി തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് കോർപ്പറേഷന്റെ വാദം. ലോറിത്താവളത്തിലെ ഫീസ് പിരിവും നഗരസഭയാണ് ലേലം ചെയ്ത് നൽകിയിരുന്നത്. ഇവിടെ മൊബിലിറ്റി ഹാബ്ബ് സ്ഥാപിക്കാനുള്ള നടപടികളുമായി കോർപ്പറേഷൻ നീങ്ങുമ്പോഴാണ് ഈ സ്ഥലം റവന്യു പുമ്പോക്കാണെന്ന വാദവുമായി റവന്യു വകുപ്പ് രംഗത്തെത്തിയത്. രേഖകൾ റവന്യൂ വകുപ്പിന്റെ വാദം ശരിവയ്ക്കുന്നതിനാൽ സ്ഥലം കൈമാറി കിട്ടാൻ സർക്കാരിനെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോർപ്പറേഷൻ.

മൊബിലിറ്റി ഹബ്ബ്

 നടപടികൾ ഈ സാമ്പത്തിക വർഷം തുടങ്ങാനായിരുന്നു നഗരസഭയുടെ ആലോചന

 വാർഷിക പദ്ധതിയിലും മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഉൾപ്പെടുത്തിയിരുന്നു

 വാഹന പാർക്കിംഗ്, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ സഹിതം 29.85 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്

 അമൃത് പദ്ധതിയിൽ നിന്ന് പണം വകയിരുത്താൻ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ ഉപേക്ഷിച്ചു

 10 ലക്ഷം രൂപ വികസനഫണ്ടിൽ നിന്നും ബാക്കി തുക വായ്പ എടുക്കാനുമാണ് നഗരസഭയുടെ ആലോചന

ലോറിത്താവളം മാറ്റൽ നീളും

മൊബിലിറ്റി ഹബ്ബ് നിർമ്മാണത്തിന്റെ ഭാഗമായി ലോറിത്താവളം ഉപാസന ആശുപത്രിക്ക് സമീപത്തേക്ക് താത്കാലികമായി മാറ്റാൻ നഗരസഭ തീരുമാനിച്ചിരുന്നു. സ്ഥലം റവന്യൂ പുറമ്പോക്കാണെന്ന് വ്യക്തമായ സാഹചര്യത്തിൽ നഗരസഭയ്ക്ക് ലോറിത്താവളം പെട്ടെന്ന് ഒഴിപ്പിക്കാനാകില്ല.