aqu
ചോർച്ചയുണ്ടായ പൂവറ്റൂർ കെ.ഐ.പി. ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമായ അക്വിഡക്ട്

കൊട്ടാരക്കര: നിർമ്മാണം പൂർത്തിയായി മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിട്ടും കല്ലട ജലസേചന പദ്ധതിയുടെ കൊട്ടാരക്കര കനാലിലെ പല ഭാഗത്തും വെള്ളമെത്തിയിട്ടില്ല. ഗ്രാമീണ മേഖലയിലെ ജല ക്ഷാമം പരിഹരിക്കുവാനും കാർഷിക ജലസേചനവും ലക്ഷ്യമിട്ട് കോടികൾ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഇനിയും ലക്ഷ്യം കാണാതെ കിടക്കുന്നത്. കൊട്ടാരക്കര നഗരസഭ, മൈലം, കുളക്കട പഞ്ചായത്ത് പരിധിയിലൂടെയാണ് കനാൽ കടന്നു പോകുന്നത്. ഇടതുകര കനാലിൽ നിന്ന് 13 കിലോമീറ്റർ വരുന്ന പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറിയിൽ കൊട്ടാരക്കര കാടംകുളം വരെയുള്ള മൂന്നു കിലോമീറ്റർ ദൂരം മാത്രമെ ഇതുവരെ വെള്ളമെത്തിയിട്ടുള്ളു. ശേഷിക്കുന്ന പത്തു കിലോമീറ്റർ ഭാഗങ്ങൾ കാടുമൂടി കിടക്കുകയാണ്.

അക്വിഡക്ട് ചോർച്ച

നിർമ്മാണത്തിലെ അശാസ്ത്രിയത കാരണം ചെന്തറ ഭാഗത്ത് അക്വിഡക്ടിൽ ചോർച്ച ഉണ്ടായതാണ് കനാൽ തുറന്നുവിടാൻ തടസമാകുന്നത്. അക്വിഡക്ട് ചോർച്ച പരിഹരിച്ച് തുടർ നിർമ്മാണം നടത്തിയാൽ 10 കിലോമീറ്റർ ദൂരം ജലമെത്തിക്കാൻ കഴിയും. ഇതിനായി 60 ലക്ഷത്തോളം രൂപ അടങ്കൽ വരുന്ന പദ്ധതി കെ.ഐ.പി തയ്യാറാക്കിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല.

സിംഫണി കൂട്ടായ്മയുടെ നിവേദനം

കനാൽ കടന്നു പോകുന്ന പത്തിലധികം ഏലാ പ്രദേശങ്ങളിൽ ജലം എത്തിയാൽ അവിടെ ഇരുപ്പൂ നെൽകൃഷി നടത്താൻ സാധിക്കും. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തുകൂടിയാണ് കനാൽ കടന്നു പോകുന്നത്. കനാലിൽ വെള്ളമെത്തിയാൽ സമീപ പ്രദേശങ്ങളിലെ കിണറുകളിലും ജല നിരപ്പ് ഉയർന്ന് ജലക്ഷാമത്തിനു പരിഹാരം കാണാൻ കഴിയും. കാനാൽ പൂർണമായും തുറന്നു വിട്ട് പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇഞ്ചക്കാട് സിംഫണി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാനൂറോളം കർഷകർ ഒപ്പിട്ട നിവേദനം മന്ത്രി കെ.എൻ. ബാലഗോപാലിനു നൽകി.