 
കുന്നിക്കോട് : റോഡ് വികസനത്തിന്റെ പേരിൽ വർഷങ്ങളായി റോഡ് പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. വിളക്കുടി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ കിണറ്റിൻകര തണ്ണിച്ചാൽ വളവിൽ താമസിക്കുന്ന അബ്ദുൽ സലാം, റഹ്മത്ത് ബീവി ദമ്പതികളെയാണ് അധികൃതർ ബദൽ സംവിധാനം ഒരുക്കി നൽകാതെ ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡ് വശത്ത് കുടിൽ കെട്ടി താമസിക്കുന്ന ഇവരോട് സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. തുടർന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയാണെന്ന് കാട്ടി കെ.എസ്.ഇ.ബിയും നോട്ടീസ് നൽകി. വൃദ്ധ ദമ്പതികളുടെ ദുരവസ്ഥ അറിഞ്ഞ് കോൺഗ്രസ് വിളക്കുടി മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി ഇവർക്ക് താമസിക്കാൻ മതിയായ ബദൽ സൗകര്യം തരപ്പെടുത്താതെ ഇറക്കി വിടുന്നത് നീതികേടാണെന്ന് പറഞ്ഞു.
റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരു വശത്തും ചെറിയ രീതിയിൽ ഐറിഷ് കോൺക്രീറ്റ് ചെയ്യുന്നതാണ് ഇപ്പോൾ നടക്കുന്നത്. ആ കാരണത്താൽ ഇവരെ കുടിയൊഴിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നതത്.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത് അന്നത്തെ ചില ഗ്രാമപഞ്ചായത്തംഗങ്ങൾ പുറമ്പോക്കിൽ താസമിക്കുന്ന ദമ്പതികൾക്ക് വൈദ്യുതി എത്തിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം പറ്റിയിരുന്നു. എന്നാൽ വൈദ്യുതി ലഭിക്കാതെ വന്നതോടെ ദമ്പതികൾ പണം തിരികെ ആവശ്യപ്പെട്ടത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും അതിന്റെ ഭാഗമായി കുറച്ച് മാസങ്ങൾക്ക് മുമ്പ് രാത്രിയിൽ ഇവരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി മുൻ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഇവരെ കുടിലിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചതായും കോൺഗ്രസ് ആരോപിക്കുന്നു.