
കൊല്ലം: ബീച്ച് റോഡിൽ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ ഇലക്ട്രിക് ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയുണ്ടായ തീപിടിത്തത്തിൽ 10 ലക്ഷത്തോളം രൂപയുടെ കേബിളുകൾ കത്തി നശിച്ചു. സംഭവ സമയം ഗോഡൗണിൽ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ കിടന്നുറങ്ങുകയായിരുന്നെങ്കിലും അപായമുണ്ടായില്ല.
ജോസ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് രാത്രി 12.30ഓടെ തീപിടിച്ചത്. അതുവഴിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് ചാമക്കടയിൽ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് തൊഴിലാളികളെ വിളിച്ചുണർത്തി പുറത്തെത്തിച്ചത്. തീയണയ്ക്കാൻ കടപ്പാക്കട നിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് കൂടിയെത്തി രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.