jala

കൊല്ലം: ജലജീവൻ മിഷൻ പ്രവർത്തനത്തിന് ജലവിഭവ വകുപ്പിന്റെ ജില്ലയിലെ നാല്‌ ഓഫീസുകളിലേക്ക് 50ഓളം പേരെ പിൻവാതിലിലൂടെ നിയമിക്കാൻ നീക്കമെന്ന് ആരോപണം.

ഉദ്യോഗസ്ഥരെ സഹായിക്കാനെന്ന വ്യാജേന വോളണ്ടിയർ തസ്തികയിലേക്കാണ് നിയമനം. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുകയും പലരെയും തിരഞ്ഞെടുക്കുകയും ചെയ്തതായാണ് സൂചന. ഇവരിൽ പലരും വകുപ്പ് മന്ത്രിയുടെ രാഷ്ട്രീയ കക്ഷിയിലെ പ്രമുഖരുടെ ശുപാർശയോടെയാണ് എത്തിയിരിക്കുന്നത്. നിലവിലുള്ള താത്കാലിക നിയമനക്കാരുടെ കാലാവധി കൂട്ടിനൽകിയതിന് പിന്നാലെയാണ് വീണ്ടും നിയമനം നടത്തുന്നത്.

പദ്ധതി നിർവഹണത്തിൽ ജീവനക്കാരെ സഹായിക്കാനായി വോളണ്ടിയർമാരെ താത്കാലികമായി നിയമിക്കുന്ന രീതി പ്രാരംഭഘട്ടം മുതൽ സ്വീകരിക്കുന്നുണ്ട്. പ്രതിദിനം 740 രൂപ വേതനം നിശ്ചയിച്ച് ഒരു വർഷത്തേക്ക് നിയമിക്കുന്ന ഇവർക്ക് പലപ്പോഴായി കരാർ കാലാവധി നീട്ടി നൽകുകയാണ് പതിവ്.

ഇവരിൽ പലരും അനർഹമായി വേതനം കൈപ്പറ്റുന്നതായുള്ള ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. അതിനിടെയാണ് വീണ്ടും നിയമനം നടത്തുന്നത്. നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ രജിസ്റ്റർ പട്ടിക അനുസരിച്ചുവേണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി നിയമന ഉത്തരവ് വാങ്ങിനൽകാൻ മത്സരിക്കുകയാണ് ഭരണകക്ഷിയിലെ ഘടകക്ഷികളുൾപ്പെടെയുള്ളവർ.

ജലജീവൻ മിഷൻ പദ്ധതി

 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്ന പദ്ധതി

 90 ശതമാനം സർക്കാർ സബ്‌സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും

 കേന്ദ്ര സർക്കാർ 45, സംസ്ഥാന സർക്കാർ 30, ഗ്രാമപഞ്ചായത്ത് 15 ശതമാനം വിഹിതം നൽകുന്ന പദ്ധതി

 സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം