കൊല്ലം: യുവജന ക്ഷേമ കായിക മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന യൂത്ത് ക്ലബുകൾക്കുള്ള നെഹ്റു യുവ കേന്ദ്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സാമൂഹ്യക്ഷേമം, പൊതുമുതൽ നിർമ്മാണവും സംരക്ഷണവും, കലാ സാംസ്‌കാരിക കായിക സാഹസിക പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ 2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജില്ലാ കളക്ടർ ചെയർമാനായ സമിതി അവാർഡ് നൽകുക. 25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാർഡ്. സംസ്ഥാന തലത്തിൽ 75000 രൂപയും ദേശീയ തലത്തിൽ 3 ലക്ഷം, 1 ലക്ഷം, 50000 എന്ന ക്രമത്തിൽ മൂന്ന് അവാർഡുകളുമാണുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

പ്രത്യേക മാതൃകയിലുള്ള ഫോമിൽ ഫോട്ടോ, പത്ര കട്ടിംഗുകൾ, കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്തത് സഹിതം വേണം അപേക്ഷിക്കാൻ. അപേക്ഷകൾ ഡിസംബർ 15ന് അകം ജില്ലാ യൂത്ത് ഓഫീസർ, നെഹ്രു യുവ കേന്ദ്ര, ദർശന നഗർ 172, പട്ടത്താനം പി.ഒ, കൊല്ലം 691021 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0474 2747903 , 8157871337.