കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിന്റെ പ്രാരംഭമായി പൈലിംഗ് ജോലികൾ ഉടൻ ആരംഭിക്കും. വികസന ജോലികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് ഇന്നലെ കൊല്ലം സ്റ്റേഷൻ സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി.

നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ വികസനത്തിന്റെ വിശദമായ പ്ളാനും മെമു ഷെഡ് വികസന പദ്ധതികളും പരിശോധിച്ചു. സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന ജോലികളും വിലയിരുത്തി. പഴയ കെട്ടിടങ്ങളുടെ പൊളിച്ചു നീക്കൽ, മണ്ണ് പരിശോധന, ഭൂമി നിരപ്പാക്കൽ തുടങ്ങിയ ജോലികളാണ് നടന്നുവരുന്നത്. പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നേരത്തെ പൊളിച്ചു നീക്കിയിരുന്നു.

നടപ്പാക്കുന്നത് 361.17 കോടി

രൂപയുടെ വികസന പദ്ധതി

2041ലെ സാദ്ധ്യതകൾ കൂടി കണക്കാക്കി 361.17 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. മണ്ണ് പരിശോധന ഫലം ലഭിച്ചാലുടൻ പൈലിംഗ് ജോലികൾ ആരംഭിക്കും. പൂർണമായും ഗ്രീൻ പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവർത്തനങ്ങൾ. പൊതുമേഖല സ്ഥാപനമായ റെയിൽവേ ഇൻഫ്രാസ്ട്രക്ചറൽ ടെക്‌നിക്കൽ എൻജിനിയറിംഗ് സർവീസും സിദ്ധാർത്ഥ് സിവിൽ വർക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് നിർമ്മാണ കരാറുകാർ. ഡിവിഷണൽ റെയിൽവേ മാനേജർ മുകുന്ദ്, സ്റ്റേഷൻ മാനേജർ സാംകുട്ടി, സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് ഡിവിഷണൽ പ്രസിഡന്റ് കെ.ആർ.രാജേഷ് തുടങ്ങിയവർ ചേർന്ന് ജനറൽ മാനേജരെ സ്വീകരിച്ചു.