
പുത്തൂർ: ഒറ്റപ്പെടലിന്റെ വേദനകളുമായി കഴിഞ്ഞ ബേബിയ്ക്ക് (65) പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രമായി. നീണ്ടകര പുത്തൻതുറ ശിവപ്രകാശം വീട്ടിൽ മത്സ്യത്തൊഴിലാളിയായിരുന്ന ബേബിയ്ക്ക് വാർദ്ധക്യത്തിന്റെ അവശതകളെത്തിയപ്പോഴാണ് തീർത്തും ബുദ്ധിമുട്ടായി മാറിയത്. വിവാഹിതനല്ല. ബന്ധുക്കൾക്കൊപ്പമായിരുന്നു ഏറെക്കാലം കഴിഞ്ഞിരുന്നത്. സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥ വന്നതോടെയാണ് സാമൂഹ്യ പ്രവർത്തകനായ സിദ്ദിഖ് മംഗലശേരിയുടെ നേതൃത്വത്തിൽ ബ്ളോക്ക് പഞ്ചായത്തംഗം പ്രിയ ഷിനു, മുൻ മെമ്പർ സീന നവാസ്, ആന്റണി മരിയൻ, ഗീത, സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ബേബിയെ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെത്തിച്ചത്. സായന്തനം ചുമതലക്കാരായ സി.ശിശുപാലൻ, കോട്ടാത്തല ശ്രീകുമാർ, ആർ.സി.സരിത, അഞ്ജന വിജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ബേബിയ്ക്കുവേണ്ട സ്നേഹ പരിചരണങ്ങളും ഭക്ഷണവും മറ്റ് സൗകര്യങ്ങളും സായന്തനത്തിൽ ലഭിക്കുമെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അറിയിച്ചു.