കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നിറവ്, ആയുർപാലിയം, പാരാമെഡിക്കൽ ടെക് പദ്ധതികൾ ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് സാം.കെ.ഡാനിയേൽ. ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയാണ് നിറവ്. അരി, ഈന്തപ്പഴം, കശുഅണ്ടി പ്പരിപ്പ്, ഓട്‌സ്, ഹോർലിക്‌സ്, മിൽക്ക് പ്രോഡക്ട്‌സ്, ബദാം, തുടങ്ങിയ പോഷകാഹാര സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2500 രൂപയാണ് ഒരു കിറ്റിന്റെ ചെലവ്. ജില്ലായിലെ ഭിന്നശേഷി സ്‌കോളർഷിപ്പ് കൈപ്പറ്റുന്ന 2400 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 60 ലക്ഷം രൂപയാണ് പ്രോജക്ടിനായി വകയിരുത്തിയിട്ടുള്ളത്. ഡിസംബർ 2ന് മന്ത്രി ജി.ആർ.അനിൽ ആദ്യഘട്ടമായി 400 പേർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നിർവഹിക്കും.
ആയുർവേദ പാലിയേറ്റീവ് പദ്ധതിയാണ് ആയുർപാലിയം. കിടപ്പുരോഗികൾക്ക് ബ്ലോക്ക് തലത്തിൽ എട്ട് യൂണിറ്റുകളായി സർക്കാർ ആയുർവേദ ആശുപത്രികൾ കേന്ദ്രീകരിച്ച് മികച്ച ആയുർവേദ പരിചരണം നðകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗൃഹ കേന്ദ്രീകൃത പരിചരണമാണ് ആയുർപാലിയം പദ്ധതി. ഇതിനായി മെഡിക്കൽ സംഘത്തിന്റെ എട്ട് ടീമുകൾ രൂപീകരിക്കും. ഓരോ ടീമിലും ഒരു കമ്മ്യൂണിറ്റി മെഡിക്കൽ ഓഫീസർ, പാലിയേറ്റീവ് നഴ്‌സ്, തെറാപ്പിസ്റ്റ് എന്നിവരുണ്ടാകും. പ്രോജക്ടിനായി ഈ സാമ്പത്തിക വർഷം 72 ലക്ഷം രൂപ വകയിരുത്തി. ഡിസംബറിൽ തുടക്കം കുറിക്കും.
പാരാമെഡിക്കൽ കോഴ്‌സ് പാസായവർക്ക് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രണ്ട് വർഷം അപ്രന്റീസ്ഷിപ്പ് നിയമനം നൽകുന്ന പദ്ധതിയാണ് പാരാമെഡിക്കൽ ടെക്. 100 പേരെയാണ് ഈ സാമ്പത്തിക വർഷം തെരഞ്ഞെടുക്കുന്നത്. പ്രോജക്ടിനായി 64 ലക്ഷം രൂപ വകയിരുത്തി. 8000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് നിർവഹണ ചുമതല. ഇവയ്ക്ക് പുറമെ കാൻസർ രോഗബാധിതർക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ്, ഭിന്നശേഷിക്കാർക്കുള്ള മോട്ടോറൈസ്ഡ് വീൽ ചെയർ, സൈഡ് വീലോട് കൂടിയ സ്‌കൂട്ടർ, അഗതിമന്ദിരങ്ങളിലെ വയോജനങ്ങൾക്ക് വസ്ത്രം,​ ജില്ലാ പഞ്ചായത്തിന്റെ വയോജന കേന്ദ്രങ്ങളായ സായന്തനം ശരണാലയം എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് മാനസികോല്ലാസത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള സ്‌നേഹയാത്ര എന്നീ പദ്ധതികളും ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.