കരുനാഗപ്പള്ളി: ഹൈസ്കൂൾ ജംഗ്ഷനിൽ കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസിനോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. മൂന്ന് തരം ചാർജിംഗ് യൂണിറ്റുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വലിയ വാഹനങ്ങൾക്കുവേണ്ടി 60കിലോവാട്ട് ശേഷിയുള്ള യൂണിറ്റും ഇടത്തരം നാലു ചക്രവാഹനങ്ങൾക്കും മുച്ചക്രവാഹനങ്ങൾക്കായി 20കിലോവാട്ട് ശേഷിയുള്ള യൂണിറ്റും ഇരുചക്രവാഹനങ്ങൾക്കായി 20 കിലോവാട്ട് ശേഷിയുള്ള യൂണിറ്റും സജ്ജക്കമാക്കിയുണ്ട്. ആവശ്യക്കാർക്ക് നേരിട്ട് ചാർജ് ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇതുകൂടാതെ പുത്തെൻതെരുവ്, പുള്ളിമാൻ ജംഗ്ഷൻ, മണ പ്പള്ളി, വള്ളിക്കാവ്, ഓച്ചിറ, തൊടിയൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇരു ചക്രവാഹനങ്ങൾക്കായുള്ള 8 ചാർജിംഗ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം ഡിസംബർ ആദ്യവാരം ഉണ്ടാകും. നിയോജക മണ്ഡലത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം. സി.ആർ.മഹേഷ് എം. എൽ.എ അദ്ധ്യക്ഷനായ യോഗത്തിൽ കെ.എസ്.ഇ. ബി എക്സിക്യുട്ടീവ് എൻജിനീയർ കെ.എസ്.ബീനറാണി , അസിസ്റ്റന്റ് എൻജിനീയർമാർ,സജീവ് മാമ്പറ എന്നിവർ പങ്കെടുത്തു.