കുന്നത്തൂർ : കടപുഴ - കാരാളിമുക്ക് പ്രധാന പാതയിൽ പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി ജംഗ്ഷനിൽ നിന്ന് തെക്കോട്ട് തിരിയുന്ന ഭാഗത്തെ കലുങ്ക് അപകട ഭീഷണിയാകുന്നു. കലുങ്കിന്റെ അടിവശം ദ്രവിച്ച് കോൺക്രീറ്റ് ഇളകി കമ്പികൾ തുരുമ്പെടുത്ത് ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ഈ കലുങ്കിലൂടെയാണ് ഭാരം നിറച്ച ടോറസുകളും ടിപ്പർ ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ചീറിപ്പായുന്നത്.

'പാലം അപകടത്തിൽ' ബോർഡ് കാണാനില്ല.

'പാലം അപകടത്തിൽ' എന്നെഴുതി പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബോർഡും ഇപ്പോൾ കാണാനില്ല.ദുരന്തത്തെ മാടി വിളിച്ച് നിൽക്കുന്ന കലുങ്ക് നാട്ടുകാർക്ക് ഇപ്പോൾ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. പാലം തകർന്നാൽ ഗ്രാമപ്രദേശമായ കടപ്പാക്കുഴിക്കാർക്ക് മറ്റ് പ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്താനും കഴിയില്ല. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ടതായി വരും. കലുങ്കിന്റെ മുകളിലൂടെയുള്ള റോഡിന്റെ സൈഡിൽ സ്ഥാപിച്ചിരുന്ന ചുമടുതാങ്ങി കല്ലുകൾ ഇളക്കി മാറ്റി വലിയ വാഹനങ്ങൾക്ക് അതുവഴി പോകുവാനുള്ള സൗകര്യം ചെയ്തു കൊടുത്തത് പഞ്ചായത്ത് അധികൃതരാണെന്നും അതിനാലാണ് കലുങ്ക് തകർച്ചയിലായതെന്നും ആക്ഷേപമുണ്ട്.

പഞ്ചായത്തിനെതിരായ ആക്ഷേപം അടിസ്ഥാനരഹിതമാണ്.പഞ്ചായത്ത് സ്ഥാപിച്ച ബോർഡ് കടപ്പാക്കുഴിയിൽ ആരംഭിക്കുന്ന ടാർമിക്സിംഗ് പ്ലാന്റുകാർ ഹൈക്കോടതിയെ സമീപിച്ച് മാറ്റുകയായിരുന്നു. പ്ലാന്റിലേക്ക് ഭാരമുള്ള വാഹനങ്ങൾ പോകുന്നതിനു വേണ്ടിയാണ് അനുകൂല വിധി സമ്പാദിച്ചത്. പിന്നീട് പല തവണ പാലത്തിന്റെ തകർച്ച ചൂണ്ടിക്കാട്ടി ആർ.ടി.ഒ യ്ക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.പഞ്ചായത്ത് എ.ഇ പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് നൽകിയ റിപ്പോർട്ടിലും അപകട ഭീഷണി ചൂണ്ടിക്കാട്ടുന്നുണ്ട്

സി.ഉണ്ണികൃഷ്ണൻ

പഞ്ചായത്ത് പ്രസിഡന്റ്

കലുങ്ക് തകർന്നാൽ കടപ്പാക്കുഴി ഗ്രാമത്തിൽ സംഭവിക്കാനിടയുള്ള വലിയ അപകടം മുൻകൂട്ടി കണ്ട് അധികാരികൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം.
ദിനകർ കോട്ടക്കുഴി

കോൺഗ്രസ് നേതാവ്