ചവറ: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ചുള്ള തങ്കഅങ്കി ഘോഷയാത്ര നാളെ നടക്കും. തങ്കഅങ്കി ഉൾക്കൊള്ളുന്ന പേടകവുമായി പൊന്മന കളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കന്നിട്ടകടവ്, കൊട്ടാരത്തിൽ കടവ് വഴി ക്ഷേത്രത്തിലെത്തിച്ചേരും. തങ്കഅങ്കി ഘോഷയാത്രയെ കളങ്ങര ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ എതിരേൽക്കും. പള്ളിവേട്ട ദിവസമായ നാളെ താലപ്പൊലി, ചെണ്ടമേളം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ തങ്കഅങ്കി ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ ദീപാരാധനയ്ക്ക് മുമ്പായി എത്തിച്ചേരും. തങ്കഅങ്കി കടന്നുവരുന്ന വഴികളിൽ ഭക്തർ നിറപറയും നിലവിളക്കും പൂമാലയും പുഷ്പവൃഷ്ടിയും നടത്തി സ്വീകരിക്കും. ദേവിക്കായുള്ള തങ്കഅങ്കി നൂറ്റി അൻപത്തിയൊന്ന് പവൻ തനി തങ്കത്തിൽ തീർത്തതാണ്. തങ്ക അങ്കി അണിഞ്ഞ ദേവിയുടെ ദീപാരാധന ദർശനത്തിനായി നാളെ പതിനായിരങ്ങളാണ് എത്തുക.