കൊല്ലം: കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ സർക്കാർ ടെക്നിക്കൽ സ്കൂളിൽ നടന്ന അഖിലകേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര- സാങ്കേതിക മേളയിൽ കുഞ്ഞു പ്രതിഭകളുടെ മിന്നലാട്ടം.
ഭക്ഷണം വിളമ്പാൻ റോബോട്ടും കൃഷി നശിപ്പിക്കുന്ന പന്നികളെയും വാനരന്മാരെയും തുരത്താൻ പി.വി.സി പൈപ്പ് തോക്കും ബസുകളുടെ ഡോറുകൾ ലോക്കായി അപകടം ഉണ്ടാക്കാതിരിക്കാൻ പീപ്പിൾ കൗണ്ടിംഗ് മെഷീനും തുടങ്ങി കുട്ടികളുടെ ശാസ്ത്ര ഭാവനയിൽ വിരിഞ്ഞ ഒട്ടേറെ പ്രോജക്ടുകൾ മേളയിൽ നിരന്നു.
ഭക്ഷണം വിളമ്പാൻ റോബോട്ടുകൾ
ഹോട്ടലുകളിൽ മാത്രമല്ല വീട്ടിലും ഭക്ഷണം വിളമ്പാൻ റോബോട്ടുകളെ തയ്യാറാക്കിയാണ് പെരിന്തൽമണ്ണ ടി.എച്ച്.എസ് എസിലെ ഒൻപതാംക്ലാസുകാരൻ മുഹമ്മദ് നിഹാൽ എത്തിയത്. റോബോട്ടിനെ നിർമ്മിക്കാൻ ചെലവ് നിസാരവും. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വെള്ളവും ഭക്ഷണവും പാത്രങ്ങളുമെല്ലാം നിഹാൽ പ്രത്യേകം പ്രോഗ്രാം ചെയ്തുണ്ടാക്കിയ ഈ കുഞ്ഞൻ റോബോട്ട് നിങ്ങളിരിക്കുന്നിടത്ത് എത്തിക്കും. സെൻസറുകളുടെ സഹായത്തോടെയാണ് പ്രവർത്തനം. ബാറ്ററി ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂറോളമെടുക്കും. രണ്ടായിരം രൂപയേ ചെലവ് വരൂ.
വിദ്യാർത്ഥികൾക്ക് രക്ഷയായി
പീപ്പിൾ കൗണ്ടിംഗ് മെഷീൻ
സ്കൂൾ ബസിനുള്ളിൽ കുടുങ്ങി വിദ്യാർത്ഥികൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കാനുള്ള വഴിയാണ് പെരിന്തൽമണ്ണ ടി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹാദി അവതരിപ്പിച്ചത്. പീപ്പിൾ കൗണ്ടിംഗ് മെഷീൻ പ്രോജക്ട് എന്ന് പേരും നൽകി. കുട്ടികൾ കയറുമ്പോൾ ഡോറിലെ സെൻസർ അവരുടെ എണ്ണം രേഖപ്പെടുത്തും. ഇറങ്ങുമ്പോഴും സെൻസർ തലയെണ്ണും. എണ്ണം കുറഞ്ഞാൽ അലാറം അടിക്കും. ഡോറും ലോക്കാകില്ല.
പന്നികളെ തുരത്താൻ പി.വി.സി പൈപ്പ് തോക്ക്
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയെ തുരത്താനുള്ള പി.വി.സി പൈപ്പ് തോക്കാണ് നെയ്യാറ്റിൻകര കുളത്തൂർ ടി.എച്ച്.എസിലെ കെ.മുഹമ്മദ് സഹദിന്റെ ബുദ്ധിയിൽ വിരിഞ്ഞ യന്ത്രം.
സ്കാനിയ ബസിന്റെ മിനിയേച്ചറുമായി ശബരി
അച്ഛൻ ഓടിക്കുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസിന്റെ മിനിയേച്ചറുണ്ടാക്കിയാണ് എഴുകോൺ ടി.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥി എസ്.ശബരി കൈയടി നേടിയത്. സ്കാനിയ കണ്ടവരെല്ലാം ഫോട്ടോയെടുക്കാൻ തിരക്ക് കൂട്ടി. ശബരിയുടെ അച്ഛൻ ഷഫീഖ് കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ബംഗളൂരു സ്കാനിയ ബസിന്റെ ഡ്രൈവറാണ്. ഇതാണ് നിശ്ചല മാതൃകയിൽ സ്കാനിയ ഒരുക്കാൻ പ്രേരിപ്പിച്ചത്. ബോട്ടിന്റെയും ലോറിയുടെയും മാതൃകയും ശബരി തീർത്തിട്ടുണ്ട്. നാലുമാസം കൊണ്ടാണ് സ്കാനിയ ബസ് പൂർത്തിയാക്കിയത്.