
അഞ്ചൽ: 28 മുതൽ ഡിസംബർ 2വരെ അഞ്ചലിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ പി.എസ്.സുപാൽ എം.എൽ.എ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ എന്നിവർ അഞ്ചലിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് വിവിധ സ്കൂളുകളിലായി പന്ത്രണ്ട് വേദികളിലായാണ് കലോത്സവം. 138 മത്സര ഇനങ്ങളിലായി 6500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഗവ. എച്ച്.എസ്.എസ് അഞ്ചൽ ഈസ്റ്റ് സ്കൂളാണ് പ്രധാനവേദി. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നും ബി.വി.യു.പി.എസ്, അഞ്ചൽ വെസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ രണ്ട് വേദിയും ഗീവ് ജീസസ് വേൾഡ് ടു ദി മിനിസ്ട്രീസ് ഹാൾ, അഞ്ചൽ വെസ്റ്റ് ഗവ. എൽ.പി.എസ്, അൽ അമാൻ ഓഡിറ്റോറിയം, ശബരിഗിരി എച്ച്.എസ്, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, സെന്റ് ജോർജ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലുമാണ് മറ്റ് വേദികളും സജ്ജീകരിച്ചിട്ടുള്ളത്.
28ന് രാവിലെ 8.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ പതാക ഉയർത്തും. 9.30 മുതൽ രചാന മത്സരങ്ങൾ. 29ന് രാവിലെ 9.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ കലാമേളകളുടെ ഉദ്ഘാടനം നിർവഹിക്കും. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, എം.എൽ.എ മാരായ കെ.ബി.ഗണേശ് കുമാർ, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, എം.മുകേഷ്, സുജിത്ത് വിജയൻപിള്ള, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ.ഡാനിയേൽ, ജില്ലാ കളക്ടർ, റൂറൽ എസ്.പി എം.എൽ.സുനിൽ എന്നിവർ മുഖ്യാതിഥികളാകും. ഡിസംബർ 2ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം പി.എസ്.സുപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. എം.നൗഷാദ് എം.എൽ.എ, മുൻ മന്ത്രി കെ.രാജു, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ തുടങ്ങിയവർ പങ്കെടുക്കും. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, വൈസ് പ്രസിഡന്റ് ആനി ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.സക്കീർ ഹുസൈൻ, ജോ. ജനറൽ കൺവീനർ കെ.അനസ് ബാബു, ജോജോ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.