roler-

കൊല്ലം: സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ കൊല്ലം ജില്ലാ ടീം സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടി.

തൊടുപുഴ, വടകര, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിലാണ് ടീം അംഗങ്ങൾ മെഡലുകൾ നേടിയത്. ജൂനിയർ പെൺകുട്ടികളുടെ റോളർ ഹോക്കിയിൽ എ.കാവ്യ, സ്വേത.എസ്.പൈ, എസ്.അമൃതവർഷിണി, ഗീതാഞ്ജന എ.രാജ്, മേഘ അന്ന യേശുദാസ്, ശരണ്യ, ബി.അമൃതതീർത്ഥ എന്നിവർ സ്വർണവും സബ് ജൂനിയറിൽ അർപ്പിത സജീഷ്, എസ്.അനശ്വര, എസ്.സൂര്യ ഗായത്രി, നിരഞ്ജന രാജ്, ഡി.ദേവനന്ദ, കൃഷ്‌ണേന്ദു എസ്.പിള്ള, നിരഞ്ജന പ്രതാപ്, ദേവീകൃഷ്ണ രാജേഷ് എന്നിവർ വെള്ളിയും കരസ്ഥമാക്കി. സബ് ജൂനിയർ ആൺകുട്ടികളുടെ സ്പീഡ് സ്കേറ്റിംഗിൽ രോഹിത് ശിവകുമാർ രണ്ട് സ്വർണവും ഒരു വെങ്കലവും അലൻ.എ.അരവിന്ദ് ഒരു വെള്ളിയും ജൂനിയർ പെൺകുട്ടികളുടെ ആർട്ടിസ്റ്റിക് സ്കേറ്റിംഗിൽ ഫെബിയ ക്ലാര ഷാജി സ്വർണവും കേഡറ്റ് പെൺകുട്ടികളുടെ സ്‌കേറ്റ് ബോർഡിംഗിൽ ജാനകി ആനന്ദ് സ്വർണവും സീനിയർ ആൺകുട്ടികളുടെ ഡൗൺഹിൽ, ആൽപൈൻ സ്കേറ്റിംഗിൽ ജയേഷ് ജോർജ് സ്വർണവും വെങ്കലവും സബ് ജൂനിയർ റോളർ സ്‌കൂട്ടറിൽ ആർ.എസ്.അദ്വൈത് രാജ് വെള്ളി മെഡലും നേടി. സംസ്ഥാന അമ്പയർമാരായ പി.ആർ.ബാലഗോപാൽ, എസ്.ബിജു എന്നിവരായിരുന്നു മുഖ്യ പരിശീലകർ. വിവിധ ജില്ലകളിൽ സംസ്ഥാന റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ നടത്തുന്ന ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബർ 11 മുതൽ കർണാടകയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുമെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു.