കൊല്ലം: ഉശിരൻ സമരങ്ങളിൽ മുഴക്കിയ ഈങ്ക്വിലാബിന്റെ അലയടികൾ നിലയ്ക്കാത്ത ഹൃദയങ്ങളുമായിട്ടാണ് അവരൊത്തുകൂടിയത്. ഇന്നലെ നിലമേൽ എൻ.എസ്.എസ് കോളേജിലെ മുൻകാല എസ്.എഫ്.ഐ പ്രവർത്തകരുടെ സംഗമം വേറിട്ട അനുഭവങ്ങളുടെ കൂടിച്ചേരലുകളുമായി മാറി. കലാലയ ജീവിതത്തിന് ശേഷം ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പോയവരുടെ സംഗമമാണ് സർഗവസന്തമെന്ന പേരിൽ നിലമേൽ എസ്.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്.
ജീവിതത്തിന്റെ സെക്കൻഡ് എഡിഷനാണ് പഴയ കലാലയ കൂട്ടായ്മ
ജീവിതം ഒറ്റപ്പതിപ്പുള്ള പുസ്തകമാണ്. അതിന്റെ സെക്കൻഡ് എഡിഷനാണ് പഴയ കലാലയ വിദ്യാർത്ഥികളുടെ കൂട്ടായ്മ. ഇനിയത് കൂടുതൽ എഡിഷനുകളായി മാറണമെന്ന് എഴുത്തുകാരനും പുരോഗമ കലാസാഹിത്യസംഘം നേതാവുമായ പ്രൊഫ.വി.എൻ.മുരളി പ്രസ്താവിച്ചു. പഴയകാല എസ്.എഫ്.ഐ പ്രവർത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർക്സിസത്തിലൂന്നിയ സൗഹൃദങ്ങൾക്ക് എക്കാലവും ഐക്യത്തിന്റെ മാനമുണ്ടാകും. മാർക്സിസം പറഞ്ഞുനടക്കാനുള്ളതല്ല, പ്രയോഗിക്കാനുള്ളതാണ്. അതുകൊണ്ടാണ് പ്രയോഗത്തിന്റെ തത്വശാസ്ത്രമെന്ന് പറയുന്നത്. കേരള രാഷ്ട്രീയത്തിലെ ലീഡർഷിപ്പുകളെ ഒരുക്കിയെടുത്തതിൽ നിലമേൽ എൻ.എസ്.എസ് കോളേജിന് വലിയ പങ്കുണ്ട്. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള യോജിപ്പുകളുടെ കേന്ദ്രബിന്ദുവായിരുന്നു നിലമേൽ കോളേജെന്നും വി.എൻ.മുരളി കൂട്ടിച്ചേർത്തു.ചടങ്ങിൽ ചിറക്കര അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥികളായ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എം.പിയും ഡി.കെ.മുരളി എം.എൽ.എയും മുഖ്യാതിഥികളായി. സംഘാടക സമിതി ചെയർമാൻ മടത്തറ സുഗതൻ, കൺവീനർ പി.കെ.രമണൻ, ഡോ.ഗീനാകുമാരി, ബി.പി.മുരളി, എസ്.വിക്രമൻ എന്നിവർ സംസാരിച്ചു.
സമരസഖാക്കൾക്ക് ഐക്യദാർഢ്യം
അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ സുലൈമാൻ, കിളിമാന്നൂർ ഷാജഹാൻ, മടത്തറ സുഗതൻ, എം.എ.നജീബ്, നിലമേൽ സുരേഷ് എന്നിവർ സംഗമത്തിലെ ആവേശമായി. അഞ്ച് പേരെയും എ.എ.റഹീം എം.പി സംഗമ വേദിയിൽ ആദരിച്ചു. ഒപ്പം ജയിൽവാസം അനുഷ്ടിച്ച എസ്.ലാലനും എം.എ.നജാമിനും സംഗമത്തിൽ എത്താൻ കഴിയാഞ്ഞതിനാൽ അവർക്കുവേണ്ടി സംഘാടക സമിതി ചെയർമാൻ മടത്തറ സുഗതൻ ആദരവ് ഏറ്റുവാങ്ങി.
പുഴുക്കും മുളകുടച്ചതും
സർഗവസന്തം സംഗമവേദിയിലെത്തിയവർക്കൊക്കെ ഒരുപാട് പറയാനുണ്ടായിരുന്നു. കലാലയ ജീവിതത്തിന്റെയും പിന്നെയുള്ള രാഷ്ട്രീയ-സാമൂഹ്യ- കുടുംബ ജീവിതങ്ങളുടെയും അവസാനിക്കാത്ത ഏടുകൾ.1970 മുതൽ 80 വരെയുള്ളവർക്കും 81 മുതൽ 90 വരെയുള്ളവർക്കും 90 മുതൽ നാളിതുവരെയുമുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചർച്ചകൾ തുടങ്ങിവച്ചത്. പിന്നെയത് ഒറ്റ ഗ്രൂപ്പായി മാറി. ഇടയ്ക്ക് കപ്പയും ചേനയും കാച്ചിലും ചേമ്പും ചേരുന്ന പുഴുക്കും മുളകുടച്ചതും കട്ടൻചായയുമെത്തി. വിശാലമായ മേശപ്പുറങ്ങളിൽ നീളത്തിൽ വാഴയിലകൾ വിരിച്ചാണ് ഒന്നിച്ച് പുഴുക്ക് വിളമ്പിയത്. ഉച്ചയ്ക്ക് വിശാലമായ സദ്യവട്ടമൊരുക്കിയിരുന്നു. വൈകിട്ടോടെ സംഗമം സമാപിച്ചപ്പോഴും പലരും കൂട്ടംവിട്ടുപോകാൻ മടിച്ചു. സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്നവരും ജനപ്രതിനിധികളും മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവരുമടക്കം വലിപ്പച്ചെറുപ്പമില്ലാതെ എസ്.എഫ്.ഐയുടെ തണലിൽ വീണ്ടും ഒത്തുകൂടിയതൊക്കെ അതിമധുരമായി ഓർമ്മയിൽ തങ്ങും.