 സി.ബി.എൽ വിജയി മഹാദേവികാട് കാട്ടിൽ തെക്കേതിൽ

കൊല്ലം: അഷ്ടമുടിയുടെ ഓളങ്ങളെ കീറിമുറിച്ച് ആവേശത്തിര ഉയർത്തിയ ജലമാമാങ്കത്തിൽ കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ പ്രസിഡന്റ്സ് ട്രോഫിയിൽ മുത്തമിട്ടു.

ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജേതാവായി. മഹാദേവിക്കാട് കാട്ടിൽ തെക്കേതിലാണ് പ്രസിഡന്റ്സ് ട്രോഫിയിൽ രണ്ടാമതെത്തിയത്. പൊലീസ് ബോട്ട് ക്ളബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

116 പോയിന്റുകൾ നേടിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം ചൂടിയത്. 25 ലക്ഷം രൂപയാണ് സമ്മാനം. ചാമ്പ്യൻസ് ബോട്ട് ലീഗിൽ കഴിഞ്ഞ 11 മത്സരങ്ങളിൽ 8 വിജയവുമായി 107 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് മുന്നിലെത്തിയിരുന്നു. ഇന്നലത്തെ ഫൈനൽ മത്സരത്തോടെ പോയിന്റ് നില 116 ആയി ഉയർന്നു.
ചാമ്പ്യൻസ് ബോട്ട് ലീഗിൽ രണ്ടാമത്തെത്തിയത് എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ്. 107 പോയന്റ് നേടിയ നടുഭാഗം ചുണ്ടന് 15 ലക്ഷം രൂപ ലഭിച്ചു. 92 പോയന്റുമായി മൂന്നാമതെത്തിയ പൊലീസ് ബോട്ട് ക്ളബിന് 10 ലക്ഷം ലഭിച്ചു. പ്രസിഡന്റ്സ് ട്രോഫിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് 5, 3, 1 ലക്ഷം രൂപാ വീതം സമ്മാനം ലഭിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മാനദാനം നിർവഹിച്ചു. സി.ബി.എല്ലിലെ ഒൻപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 24 വള്ളങ്ങളാണ് ജലോത്സവത്തിൽ പങ്കെടുത്തത്. വെപ്പ് - എ, ബി ഗ്രേഡുകൾ, ഇരുട്ടുകുത്തി എ, ബി.ഗ്രേഡുകൾ വനിതകൾ തുഴയുന്ന തെക്കനോടി വിഭാഗങ്ങളിലായി 15 ചെറുവള്ളങ്ങൾ മത്സരിച്ചു.

സി.ബി.എല്ലിന്റെ വലിയ വേദിയായി

കൊല്ലം മാറും: ബാലഗോപാൽ

കൊല്ലം: വരും വർഷങ്ങളിൽ സി.ബി.എല്ലിന്റെ വലിയ വേദിയായി കൊല്ലം മാറുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലമേളയും ചാമ്പ്യൻസ് ബോട്ട് ലീഗ് അവസാന മത്സരവും അഷ്ടമുടി കായലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തി. മാസ് ഡ്രിൽ ഫ്‌ളാഗ് ഒഫ് എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, എം.നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ പി.ബി.നൂഹ്, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, എ.ഡി.എം ബീന റാണി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി.പ്രശാന്ത്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ഡി.ടി.പി.സി സെക്രട്ടറി രമ്യ.ആർ.കുമാർ തുടങ്ങിയവർ പങ്കെടുത്തു.