കൊട്ടിയം: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി കുഴിച്ചിട്ട റോഡുകൾ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ദുരിതമാകുന്നു. പഞ്ചായത്തിലെ 21 വാർഡുകളിലായി പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം.

ഇതിനായി റോഡുകൾ മുഴുവൻ കുത്തി പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും മണ്ണിട്ട് മൂടിയതല്ലാതെ ബലപ്പെടുത്താൻ നടപടി സ്വീകരിച്ചില്ല. മഴക്കാലത്ത് റോഡിലെ മണ്ണ് ഇരുത്തി കുഴികളിൽ വെള്ളം നിറഞ്ഞു. പഞ്ചായത്തിലെ മിക്ക റോഡുകളിലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. മഴ മാറി വേനൽ കടുത്തതോടെ പൊടിശല്യവും രൂക്ഷമായി. മഴക്കാലത്ത് വാഹനങ്ങൾ മണ്ണിൽ പുതഞ്ഞ് യാത്രാ തടസവും സൃഷ്ടിച്ചിരുന്നു. പേരൂർ, ആലുംമൂട്, തെറ്റിച്ചിറ, മേക്കോൺ ഭാഗങ്ങളിലും ഇടറോഡുകളിലും യാത്രാ തടസം നിലനിൽക്കുകയാണ്. കുണ്ടറ കിളികൊല്ലൂർ റോഡിൽ കേരളപുരം - കരിക്കോട്, കരിക്കോട് - കുറ്റിച്ചിറ പുന്തലത്താഴം വഴി താഹാമുക്ക് മാമ്പുഴ വരെയും ഞെട്ടയിൽ കലുങ്ക് മുതൽ കേരളപുരം റോഡ് വരെയും വ്യാപിച്ചുകിടക്കുന്ന ജനനിബിഡമായ പ്രദേശമാണ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത്. ഭൂമി ശാസ്ത്രപരമായി കൊല്ലം കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ ജനവാസം കൂടുതലുമാണ്. അതിനാൽ റോഡിലെ ദുരിതം ഒട്ടേറെ ആളുകളെ ബാധിക്കും. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. നാലായിരത്തോളം വീടുകൾക്ക് കണക്ഷൻ നൽകി. ബാക്കി വീടുകൾക്ക് കണക്ഷൻ നൽകാനുള്ള ജോലികൾ നടക്കുന്നതേയുള്ളു.

തിരക്കുള്ള റോഡിൽ പൈപ്പുകൾ കുഴിച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ അടിയന്തരമായി ബലപ്പെടുത്തി സഞ്ചാരയോഗ്യമാക്കണം. വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കണം.

നാട്ടുകാർ