bank-

കൊല്ലം: ഫുട്ബാൾ ലോകകപ്പിനോട് അനുബന്ധിച്ച് കേരള ബാങ്ക് സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ ഭാഗമായി കേരള ബാങ്ക് കൊല്ലം സി.പി.സി കൊല്ലം ക്ലബ് ഫാം ഹൗസിൽ നടത്തിയ ജില്ലാതല മത്സരം എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ബാങ്ക് ഭരണസമിതി അംഗം അഡ്വ. ജി.ലാലു അദ്ധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർ ഹണി ബെഞ്ചമിൻ,​ ബാങ്ക് സി.പി.സി ഡി.ജി.എം പി.എസ്.വിനീത്,​ സീനിയർ മാനേജർ കെ.വി.സ്മിത എന്നിവർ പങ്കെടുത്തു. ഒൻപത് ഏരിയകളിൽ നിന്നായി 16 പുരുഷ ജീവനക്കാരുടെ ടീമുകളും നാല് വനിത ജീവനക്കാരുടെ ടീമുകളും മത്സരിച്ചു. പുരുഷ വിഭാഗത്തിൽ ഉദയകുമാർ നയിച്ച ടീം ഒന്നാം സമ്മാനം നേടി. സജീവ് നയിച്ച ടീമാണ് റണ്ണറപ്പ്. വനിതാ വിഭാഗത്തിൽ ആർ.എസ്.ബിന്ദു നയിച്ച ടീം ഒന്നാം സ്ഥാനം നേടി. നദീറ നയിച്ച ടീം റണ്ണറപ്പായി. സമ്മാനങ്ങൾ ബാങ്ക് ഡയറക്ടർ അഡ്വ. ജി.ലാലു വിതരണം ചെയ്തു.