kattil-

ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ പന്ത്രണ്ട്‌ വിളക്ക് ഉത്സവം നാളെ സമാപിക്കും. ആയിരത്തിൽപ്പരം കുടിലുകളിൽ വൃശ്ചികം ഒന്ന് മുതൽ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി ഭജനം പാർക്കുന്ന പതിനായിരങ്ങൾ നാളെ രാത്രിയോടെ ദേവീസന്നിധിയിൽ നിന്ന് യാത്രയാവും.

കഴിഞ്ഞ 12 രാവും പകലും വലിപ്പച്ചെറുപ്പം ഇല്ലാതെ വ്രതാനുഷ്ഠാനത്തോടെ ഒരേ മണ്ണിൽ കടൽക്കാറ്റ് ഏറ്റ് എല്ലാ ദുഃഖങ്ങളും മറന്ന് ക്ഷേത്രത്തിലെ അന്നദാനവും പുഴുക്കും കഴിച്ച് ഉറ്റ ബന്ധുക്കളെ പോലെയാണ് ഭക്തർ കഴിഞ്ഞിരുന്നത്. തിരുമുടി എഴുന്നള്ളത്ത് ഓരോ കുടിലുകളിലും എത്തി പ്രസാദം നൽകി ഭക്തരെ അനുഗ്രഹിക്കുമ്പോൾ തങ്ങളുടെ ദുരിതങ്ങൾ ഒഴിഞ്ഞ ആത്മസംതൃപ്തിയോടെ അടുത്തവർഷവും വരാൻ അനുഗ്രഹം തരണേ എന്ന പ്രാർത്ഥനയോടെ അവർ വീടുകളിലേക്ക് മടങ്ങും.

ക്ഷേത്രത്തിലെ അരയാലിൽ മണികെട്ടി തൊഴുന്നതോടൊപ്പം, അൻപറ, അരിപറ, നെൽപ്പറ, മഞ്ഞൾപ്പറ, പഞ്ചസാരപ്പറ, നാണയപ്പറ എന്നിവ സമർപ്പിക്കാനും തങ്ക അങ്കി ചാർത്തി ശക്തിസ്വരൂപിണിയായ ദേവിയെ ദർശിച്ച് ദീപാരാധന തൊഴാനും ഇന്നും നാളെയും പതിനായിരങ്ങളാണ് എത്തുക. തങ്കഅങ്കി ഘോഷയാത്ര ഇന്ന് കളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദീപാരാധനയ്ക്ക് മുമ്പായി ക്ഷേത്രത്തിലെത്തി തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും.