photo
കൊട്ടാരക്കരയിൽ പോക്സോ കോടതി പ്രവർത്തനം തുടങ്ങുന്ന കെട്ടിടം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ പോക്സോ കോടതി ഡിസംബർ 1ന് പ്രവർത്തനം തുടങ്ങും. രാവിലെ 9.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ കോടതിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ജഡ്ജി സ്നേഹലത, നഗരസഭ ചെയർമാൻ എ.ഷാജു, പി.ഐഷാപോറ്റി, കൊട്ടാരക്കരയിലെ കോടതിയിലെ ജഡ്ജിമാരും മജിസ്ട്രേറ്റുമാരും ബാർ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. കൊട്ടാരക്കര കോടതി സമുച്ചയത്തിൽ ബാർ അസോസിയേഷൻ ഹാളായി ഉപയോഗിക്കുന്ന സ്ഥലത്താണ് കോടതി തുടങ്ങുക. ഇതിന്റെ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. കോടതി കെട്ടിട സമുച്ചയത്തിന്റെ താഴെ പാർക്കിംഗ് ഏരിയയിൽ വശങ്ങൾ മറച്ച് ബാർ അസോസിയേഷൻ ഹാളും അതിന് പിന്നിലായി കാന്റീനും സ്ഥാപിക്കും. ഇതിന്റെ ജോലികളും പുരോഗമിക്കുകയാണ്. പോക്സോ കോടതി പ്രവർത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ജില്ലാ ജഡ്ജിയും സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. മറ്റ് കോടതികളുടേതുപോലെ വിശാലമായ സൗകര്യങ്ങൾ ഇല്ലെങ്കിലും പോക്സോ കോടതിയ്ക്ക് ഇത്രയും മതിയാകുമെന്നാണ് വിലയിരുത്തൽ. 120 കേസുകളാണ് ആദ്യഘട്ടത്തിൽ പുതിയ കോടതിയുടെ പരിഗണനയിലെത്തുക.