
കൊല്ലം: കൊല്ലം തോടിന് കരയിലെ സ്വകാര്യ ഭൂമികളിലെ മണ്ണിടിഞ്ഞ് രണ്ട് വീടുകളുടെ അസ്ഥിവാരം ഭാഗികമായി തകർന്നു. താമരക്കുളം പുത്തൻവീട് ഹാഷിർ, ബിസ്മില്ല ഹൗസിൽ ഷഫീഖ് എന്നിവരുടെ വീടുകളാണ് അപകടത്തിലായത്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജെ.എസ്.ബി ഉപയോഗിച്ച് തോടിന്റെ കരയിലുള്ള കാടും പടലും നീക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മണ്ണിടിഞ്ഞത്. ഇരു വീടുകളുടെയും തോടിനോട് ചേർന്നുള്ള പാർശ്വഭിത്തിക്ക് പുറമേ അടുക്കള ഭാഗത്തെ അസ്ഥിവാരവും തകർന്നു. പാർശ്വഭിത്തി ബലപ്പെടുത്തിയില്ലെങ്കിൽ വീടുകളുടെ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയാണ്.
കൊല്ലം തോട്ടിലെ അശാസ്ത്രീയമായ മണൽ ഖനനമാണ് മണ്ണിടിയാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. വൻതോതിൽ മണ്ണെടുത്തതോടെ തോടിന്റെ കര വ്യാപകമായി ഇടിയുകയാണ്. ഇപ്പോൾ തകർച്ച നേടുന്ന വീടുകളിൽ നേരത്തെയും മണ്ണിടിഞ്ഞിരുന്നു.
സമീപത്തെ ഒരു വീട്ടിലെ കിണർ ഇടിഞ്ഞുതാണത് അടുത്തിടെയാണ്.