 
പുത്തൂർ: പവിത്രേശ്വരം വില്ലേജ് ഓഫീസ് 'സ്മാർട്ടാ'കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ 1ന് തുടങ്ങും. 44 ലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. പവിത്രേശ്വരം ജംഗ്ഷനിൽ കണ്ണായ സ്ഥലത്ത് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന തകർന്ന് വീഴാറായ പഴയ കെട്ടിടം മാസങ്ങൾക്ക് മുന്നേ പൊളിച്ചുനീക്കിയിരുന്നു. ഇവിടെയാണ് ഹൈടെക് സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുക. സമീപത്തുതന്നെ വാടക കെട്ടിടത്തിലാണ് ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പവിത്രേശ്വരം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥകൾ പലപ്പോഴും കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.
ആധുനിക സംവിധാനങ്ങളോടെ
പത്ത് സെന്റിൽ കുറവായതിനാൽ രണ്ട് നില കെട്ടിടമാണ് ഇവിടെ നിർമ്മിക്കേണ്ടി വരുന്നത്. വില്ലേജ് ഓഫീസർക്കും ഉദ്യോഗസ്ഥർക്കും ഓഫീസ് മുറികൾ, ഫ്രണ്ട് ഓഫീസ്, കമ്പ്യൂട്ടർ മുറി, വിശ്രമ മുറി, ടൊയ്ലറ്റ് സംവിധാനം, റെക്കാഡ് മുറി എന്നിവ സജ്ജമാക്കും. തികച്ചും സ്മാർട്ടാകുന്ന കെട്ടിടം കാഴ്ചയിലും മനോഹരമാകും. ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല.
നിർമ്മാണോദ്ഘാടനം
ഡിസംബർ 1ന് ഉച്ചക്ക് 12ന് മന്ത്രി കെ.രാജൻ സ്മാർട്ട് വില്ലേജ് ഓഫീസിന് ശിലാസ്ഥാപനം നടത്തും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി, കളക്ടർ അഫ്സാന പർവീൺ, തഹസീൽദാർ പി.ശുഭൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, വൈസ് പ്രസിഡന്റ് വി.സുമാലാൽ, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, വൈസ് പ്രസിഡന്റ് ബെച്ചി.ബി.മലയിൽ, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ ശശികല പ്രകാശ് എന്നിവർ സംസാരിക്കും.
താലൂക്കിൽ കൊട്ടാരക്കര, വെളിനല്ലൂർ, കുമ്മിൾ, പൂയപ്പള്ളി, വെളിയം, മൈലം, കലയപുരം വില്ലേജ് ഓഫീസുകൾ സ്മാർട്ടായിക്കഴിഞ്ഞു. നെടുവത്തൂർ, ചക്കുവരയ്ക്കൽ വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പവിത്രേശ്വരത്തും നിലമേലിലുമാണ് ഇപ്പോൾ നിർമ്മാണം തുടങ്ങാനൊരുങ്ങുന്നത്. തൊട്ടുപിന്നാലെ വാളകം, എഴുകോൺ വില്ലേജ് ഓഫീസുകൾക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. താലൂക്കിലെ 27 വില്ലേജ് ഓഫീസുകൾക്കും ലാപ് ടോപ്പുകൾ നൽകി. കമ്പ്യൂട്ടറുകളും പ്രിന്ററും അനുബന്ധ സൗകര്യങ്ങളും ഉടൻ നൽകി പൂർണമായും ഡിജിറ്റലാക്കിമാറ്റും.
പി.ശുഭൻ, തഹസീൽദാർ, കൊട്ടാരക്കര