thanka-anki-padam

ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തോട് അനുബന്ധിച്ചുള്ള വൃശ്ചിക പൊങ്കൽ ഇന്ന് രാവിലെ 7ന് നടക്കും. ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന ആയിരത്തിൽപരം കുടിലുകളിലെ ഭക്തർക്ക് പുറമേ ആയിരക്കണക്കിന് ഭക്തർ ദേവിക്ക് പൊങ്കാല അർപ്പിക്കും. ശർക്കര പായസം, പാൽപ്പായസം, പച്ചരി വറ്റിച്ചത്, തുടങ്ങിയവ ഭക്തർപൊങ്കാലയായി സമർപ്പിക്കും.

പൊങ്കാല കലങ്ങൾ കഴിഞ്ഞദിവസം മുതൽ തന്നെ ക്ഷേത്ര മൈതാനത്ത് നിരന്നു തുടങ്ങി. ഇന്നലെ തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന തൊഴാൻ പതിനായിരങ്ങളാണ് എത്തിയത്. സമാപന ദിവസമായ ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവത്തിൽ ശക്തിസ്വരൂപിണിയായി വിളങ്ങുന്ന കാട്ടിൽ മേക്കതിൽ തമ്പുരാട്ടിയെ കൺനിറയെ കണ്ടുതൊഴാനും അനുഗ്രഹം വാങ്ങാനും പതിനായിരങ്ങളെത്തും. പാപങ്ങൾക്ക് പ്രായശ്ചിത്തമായും, ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനുമായി പന്ത്രണ്ട് നാൾ മനമുരുകി പ്രാർത്ഥിച്ചതിന്റെ ആത്മനിർവൃതിയിലാണ് പർണശാലകളിൽ പന്ത്രണ്ടു നാൾ വ്രതശ്രുദ്ധിയോടെ ഭജനം പാർത്ത ഭക്തർ. വൃശ്ചിക്കോത്സവത്തെ മഹോത്സവ പൊലിമയിൽ എത്തിക്കാൻ പ്രഗത്ഭരായ നാദസ്വര ശിഖാമണികളുടെ നാദസ്വര കച്ചേരിയും ചേരനല്ലൂർ ശങ്കരൻകുട്ടി മാരാരും 50 - ൽ പരം കലാകാരൻമാരുടെയും പഞ്ചാരിമേളവും പൊന്മന കരയെ അക്ഷരാർത്ഥത്തിൽ രാവിലെ മുതൽ തന്നെ ഉൽസവ പൊലിമയിലാക്കും.
ഇന്ന്‌ വൈകിട്ട് 7ന് നടക്കുന്ന വിശ്ചിക മഹോത്സവ സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര യോഗം വൈസ് പ്രസിഡന്റ് ജെ.സുനിൽകുമാർ അദ്ധ്യക്ഷനാകും. ഓഫീസ് സെക്രട്ടറി സി.ചന്തു സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ മുഖ്യാതിഥിയാവും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി എന്നിവർ ആശംസകൾ അർപ്പിക്കും. ഓഫീസ് സെക്രട്ടറി ആർ. രാജേഷ് നന്ദിപറയും. ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ദക്ഷയാഗം കഥകളിയും തിരുമുടി എഴുന്നള്ളത്തും തിരു ആറാട്ടും നടക്കും. തിരുമുടി കുടിലുകളിലെത്തി ഭജനം പാർത്ത ഭക്തരെ അനുഗ്രഹിച്ച് കഴിയുമ്പോൾ അടുത്ത വർഷവും ഇവിടേക്ക് വരാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ ഭക്തർ വീടുകളിലേക്ക് മടങ്ങും. തുടർന്ന് കൊടിയിറക്ക് ഗുരുതി മംഗളാരതിയോടെ നട അടയ്ക്കും. പിറ്റേ ദിവസം ക്ഷേത്രം തുറക്കുമെങ്കിലും വഴുപാടുകൾ ഉണ്ടാവില്ല.