ചാത്തന്നൂർ: നിയന്ത്രണം വിട്ട കാർ ഓടയിലേയ്ക്കു വീണ് വൈദ്യുതി പോസ്റ്റ് തകർത്ത് മതിലിൽ ഇടിച്ചു നിന്നു. ചാത്തന്നൂർ പരവൂർ റോഡിൽ മീനാട് പാലമൂട് മാടൻകാവിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. ഈ ഭാഗത്ത് പഴം, പച്ചക്കറി കച്ചവടം നടത്തിയിരുന്നവർ ഭക്ഷണം കഴിക്കാൻ പോയതിന് തൊട്ടു പിന്നാലെയാണ് അപകടം ഉണ്ടായത്. അതിനാൽ തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. കാറിടിച്ച് തകർന്ന കോൺക്രീറ്റ് പോസ്റ്റ് തൊട്ടടുത്ത വീട്ടിലേയ്ക്ക് വീഴാതിരുന്നതും ഭാഗ്യമായി. കൊല്ലം കൊച്ചുപിലാംമൂട് സ്വദേശിയായ വനിതാഡോക്ടറുടെ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ആർക്കും പരിക്കില്ല.