കരുനാഗപ്പള്ളി: വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറ ശ്രീനാരായണ മഠത്തിൽ കഴിഞ്ഞ 12 ദിവസമായി നടന്ന ശ്രീ നാരായണ ധർമ്മ പ്രചാരണ പരിപാടി ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ഗുരുദേവൻ അരുളി ചെയ്ത നിരവധി സമ്മേളനങ്ങൾക്ക് ഇക്കുറി ഓച്ചിറ ശ്രീനാരായണ മഠം വേദിയായി. ഗുരുദേവ മന്ത്രങ്ങൾ കൊണ്ട് ശ്രീനാരായണ മഠം കഴിഞ്ഞ 12 ദിവസവും ഭക്തിസാന്ദ്രമായി മാറി. സമാപന സമ്മേളനം കോടകുളഞ്ഞി ആശ്രമ മഠാധിപതി സ്വാമി ശിവബോധാനന്ദ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. യൂത്ത്മൂവ്മെന്റ് ജില്ലാ ചെയർമാൻ ഷിബു വൈഷ്ണവ്, വരവിള ശ്രീനി, ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ ആർ.രാജശേഖരൻ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, സെക്രട്ടറി പ്രദീപ് ലാൽ, എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, ടി.ഡി.ശരത്ചന്ദ്രൻ, വനിതാ സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, സ്മിത, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു. പന്ത്രണ്ട് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്നലെ ഗുരു ക്ഷേത്രത്തിൽ വിളക്ക് പൂജ നടന്നു. പൂജക്ക് സ്വാമി ശിവാബോധാനന്ദ നേതൃത്വം നൽകി. വൈകിട്ട് 5 ന് ഗുരുപൂജ, സമൂഹപ്രാർത്ഥന, ദീപാരാധന, അന്നദാനം എന്നിവയോടെ പരിപാടികൾ സമാപിച്ചു.