കൊല്ലം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ആർ.ആർ ഡെപ്യൂട്ടി കളക്ടർ ജി.നിർമ്മൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. 'ഒന്നായി തുല്യരായി തടുത്ത് നിറുത്താം' എന്നതാണ് ഇത്തവണത്തെ സന്ദേശം,
നാളെ വൈകിട്ട് 6ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ദീപം തെളിക്കും. ഡിസംബർ ഒന്നിന് രാവിലെ 8.30ന് ബോധവത്‌കരണ റാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ ഫ്ലാഗ് ഒഫ് ചെയ്യും. സർക്കാർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും.
ഐ.എം.എ ഹാളിൽ പൊതുസമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രതിജ്ഞ ചൊല്ലൽ, റിബൺ അണിയിക്കൽ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ അവബോധം നൽകും.