
അഞ്ചൽ: കൗമാരം ചിലങ്കകെട്ടി അഞ്ചലിൽ ആടാനൊരുങ്ങുമ്പോൾ മനസിൽ ഓർമ്മകളുടെ കലോത്സവവേദിയിലാണ് ദ്രൗപതി പദ്മിനിമാർ. കലാമേളകളിൽ കൊല്ലത്തിന്റെ അടയാളം ചാർത്തിയ തിലകങ്ങളാണ് ഡോ.ദ്രൗപദി പ്രവീണും ഡോ.പദ്മിനി കൃഷ്ണനും. 1993 മുതൽ 98 വരെ തുടർച്ചയായ 5 വർഷം ജില്ലാ സ്കൂൾ കലോത്സവത്തിലും 1997, 98 വർഷങ്ങളിൽ സംസ്ഥാന കലാതിലകുമായിരുന്ന ഡോ.പദ്മിനി 2000ൽ കേരള സർവകലാശാല കലാതിലകവുമായിരുന്നു. ചേച്ചി ഡോ.ദ്രൗപദി തുടർച്ചയായ ആറ് വർഷം ജില്ലാ കലോത്സവത്തിൽ തിലകമായിരുന്നു. 1996ലും 97ലും കേരള സർവകലാശാല തിലകവുമായി. ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തി റെക്കാഡിട്ട കൊട്ടാരക്കര നീലമനയിൽ ഡോ. എൻ.എൻ. മുരളിയുടെയും യോഗവതി അന്തർജ്ജനത്തിന്റെയും മക്കളായ ദ്രൗപദിയും പദ്മിനിയും ഡോക്ടർമാരായെങ്കിലും ചിലങ്കയഴിക്കാൻ മനസ് കാണിക്കാത്തവരാണ്. നീലമന സിസ്റ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഇരുവരും നൃത്ത അദ്ധ്യാപകരുമാണ്. വിവാഹശേഷം ഡോ. പ്രവീൺ നമ്പൂതിരി ദ്രൗപദിക്കും ഡോ. കൃഷ്ണൻ നമ്പൂതിരി പത്മിനിക്കും പ്രോത്സാഹനമായി.